ന്യൂഡല്‍ഹി: നോയിഡയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മരിയോൺ ബയോടെക്കിന്റെ നിര്‍മ്മാണ കേന്ദ്രത്തിലെ ഉത്പാദനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവച്ചു. അപെക്‌സ് ഡ്രഗ് റെഗുലേറ്ററും സംസ്ഥാന ഡ്രഗ് കൺട്രോളർമാരും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കമ്പനി നിര്‍മ്മിച്ച ചുമ സിറപ്പുകള്‍ കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
”ഡോക് 1 മാക്‌സ് ചുമ സിറപ്പിൽ മായം കലർന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സിഡിഎസ്‌സിഒ (സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ) സംഘം നടത്തിയ പരിശോധനയെ തുടർന്ന് നോയിഡ യൂണിറ്റിലെ മരിയോൺ ബയോടെക്കിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു, അന്വേഷണം തുടരുകയാണ്,” കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
“പൊതുതാത്പര്യാർത്ഥം” എല്ലാ നിർമ്മാണവും നിർത്താനുള്ള ഉത്തരവ് രണ്ടാം ദിവസത്തെ പരിശോധനയ്ക്ക് ശേഷം ഡ്രഗ് കൺട്രോളർമാർ സ്ഥാപനത്തിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം സംശയം ഉന്നയിച്ചതിന് പിന്നാലെ തന്നെ കമ്പനിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
പരിശോധനയ്ക്കായി സാമ്പിളുകൾ ചണ്ഡിഗഡിലെ റീജിയണൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലേക്ക് അയച്ചതായാണ് ലഭിക്കുന്ന വിവരം.
കുട്ടികളുടെ മരണത്തെ തുടര്‍ന്ന് മരിയോണ്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ അംഗത്വം വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഫാര്‍മക്സില്‍) സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
അംഗത്വം സസ്‌പെന്‍ഡ് ചെയ്തത് മരുന്ന് നിര്‍മ്മാണ കമ്പനിക്ക് ചില ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് ഫാര്‍മക്സില്‍ അറിയിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ വാണിജ്യ വകുപ്പ് ഫാര്‍മക്സില്‍ മുഖേന ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് പറയുന്നു. ഡോക്-1 മാക്‌സ് എന്ന സിറപ്പ് കഴിച്ച് സമര്‍കണ്ടില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് നിര്‍മ്മാതക്കളായ നോയിഡ ആസ്ഥാനമായിട്ടുള്ള മരിയോണ്‍ ബയോടെക്ക് സംശയ നിഴലിലാണ്. റിയല്‍ എസ്റ്റേറ്റിലും ആശുപത്രി മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുുള്ള ഇമെനോക്‌സ് ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമാണിത്.
ഉസ്‌ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഡോക് -1 മാക്‌സ് സിറപ്പ് കഴിച്ച 18 കുട്ടികളെങ്കിലും അസുഖബാധിതരായി സമർകണ്ടില്‍ വൃക്ക തകരാർ മൂലം മരിച്ചിട്ടുണ്ട്. സിറപ്പിന്റെ പ്രാഥമിക ലബോറട്ടറി പരിശോധനയിൽ മലിനമായ എഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും പ്രസ്താവനയിൽ പറയുന്നു.
സംഭവത്തില്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഇടപെടലുമുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒ ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങളിൽ സഹായിക്കാൻ തയ്യാറാണെന്നും ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.