ലക്‌നൗ: കനത്ത മഴയിൽ ഉത്തർപ്രദേശിലെ 12 ജില്ലകളിൽ വെള്ളപ്പൊക്കം. രണ്ട് ദിവസത്തിനിടെ ഇവിടെ വെളളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ഗംഗയിലും യമുനയിലും അടക്കം ഭൂരിഭാഗം നദികളും വെളളം നിറഞ്ഞു. ജലനിരപ്പ് അതീവ ഗുരുതരമായ നിലയിൽ ഉയർന്നിരിക്കുകയാണ്.

ഷഹജന്‍പുരില്‍ മാത്രം ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. ഷഹജൻപുർ, അമേട്ടി, ഔരിയ ജില്ലകളിലാണ് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളടക്കം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്.

പ്രളയത്തില്‍ ഇതുവരെ 461 വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. ഒട്ടനേകം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ദുരിതത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്ന നിലയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ പശ്ചിമ ഉത്തര്‍പ്രദേശില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.

ഇതിനോടകം 15,000 പേരെ മുൻകരുതലെന്നോളം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. താരതമ്യേന ഉയര്‍ന്ന ഭൂപ്രദേശങ്ങൾ കണ്ടെത്തി ദുരിതാശ്വാസ ക്യാംപുകൾ സ്ഥാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook