ലക്‌നൗ: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമനെ കൊലപ്പെടുത്തുമെന്ന് പരസ്പരം ചാറ്റ് ചെയ്തുവെന്നാരോപിച്ച് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചിരിക്കെയാണ് ഇരുവരും ഇക്കാര്യം പറഞ്ഞ് പരസ്പരം വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്തത്. ഇന്ന് രാവിലെ മന്ത്രി ഉത്തര്‍പ്രദേശിലെ ധര്‍ചുള ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് ഇത്തരം ഒരു സന്ദേശത്തെക്കുറിച്ച് തങ്ങള്‍ അറിവ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരേയും ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 506(ഭീഷണി), സെക്ഷന്‍ 66 ഐടി ആക്ട് എന്നിവ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എസ്പി രാമചന്ദ്ര രാജ്ഗുരു പറഞ്ഞു.
‘കേന്ദ്രമന്ത്രിയെ കൊലപ്പെടുത്തുമെന്നു പറഞ്ഞുകൊണ്ട് ഇവര്‍ നടത്തിയ വാട്ട്‌സ്ആപ്പ് സംഭാഷണത്തെക്കുറിച്ച് ഞായറാഴ്ച രാത്രി 9.30ഓടെയാണ് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഇന്നുരാവിലെ മന്ത്രിയെത്തുന്നതിനു മുമ്പെ തന്നെ രണ്ടപേരെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു,’ അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ സീതാരാമനെ വെടിവച്ച് കൊല്ലും, നാളെ അവരുടെ അവസാനദിനമായിരിക്കും,’ എന്നായിരുന്നു ചാറ്റില്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു. അന്വേഷണം നടക്കുകയാണെങ്കിലും പ്രാഥമിക ഘട്ടത്തില്‍ ഇരുവരും കുടിച്ച് ലക്കുകെട്ട് നടത്തിയ ചാറ്റാണെന്നാണ് മനസ്സിലാകുന്നതെന്നും പൊലീസ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68ാം ജന്മദിനം പ്രമാണിച്ച് സൈന്യം സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനത്തിനായാണ് നിര്‍മലാ സീതാരാമന്‍ ധര്‍ചുളയില്‍ എത്തിയത്.