scorecardresearch

ജീവൻ കൈയ്യിൽപിടിച്ച് 17 ദിവസം, കൂട്ടായി അല്ലു അർജുനും അവ്യക്ത ശബ്ദങ്ങളും, കുടുംബത്തെ കാണാനാകുമോ?, തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ആ 400 മണിക്കൂർ കടന്നുപോയത് ഇങ്ങനെ

അല്ലു അർജ്ജുൻ സിനിമകൾ, ചീട്ടുകളി, പൊരി, പിന്നെ പുറത്തുനിന്നുളള അവ്യക്ത ശബ്ദങ്ങളുമാണ് 17 ദിവസങ്ങൾ തുരങ്കത്തിനകത്തു തളളിനീക്കാൻ തങ്ങളെ സഹായിച്ചതെന്ന് 41 തൊഴിലാളികളിൽ ഒരാളായ രാജേന്ദ്ര ബേഡിയ പറയുന്നു

അല്ലു അർജ്ജുൻ സിനിമകൾ, ചീട്ടുകളി, പൊരി, പിന്നെ പുറത്തുനിന്നുളള അവ്യക്ത ശബ്ദങ്ങളുമാണ് 17 ദിവസങ്ങൾ തുരങ്കത്തിനകത്തു തളളിനീക്കാൻ തങ്ങളെ സഹായിച്ചതെന്ന് 41 തൊഴിലാളികളിൽ ഒരാളായ രാജേന്ദ്ര ബേഡിയ പറയുന്നു

author-image
Abhishek Angad
New Update
Uttarakhand Tunnel Workers

മൂന്നു ജോഡി വസ്ത്രങ്ങൾ, ആധാർ കാർഡ്, നാനൂറ് രൂപ. ഇത്രയുമാണ് റാഞ്ചി ജില്ലയിലെ  ചുടുപാലു പഞ്ചായത്തിലെ ഖിരാബേഡയിലുളള തന്റെ കൊച്ചുവീട്ടിൽ നിന്ന് ജോലിയ്ക്കായി കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രാജേന്ദ്ര ബേഡിയയുടെ ചെറിയ സഞ്ചിയിൽ ഉണ്ടായിരുന്നത്.

Advertisment

നവംബർ ആദ്യവാരം വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിരണ്ടുകാരനായ രാജേന്ദ്ര ബേഡിയയ്ക്ക് എന്തോ “കാം” (ജോലി) തന്നെ കാത്തിരിക്കുന്നു എന്നതുമാത്രമായിരുന്നു ആകെ അറിയാവുന്നത്.  ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ശേഷം പട്നയിലും ഹൈദരാബാദിലുമായി പല നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇത് ഉത്തരാഖണ്ഡിൽ ആണ്. എന്തുതരം ജോലിയായിരിക്കും ഇവിടെ തന്നെ കാത്തിരിക്കുന്നത്? ഓടത്തണ്ടുപോലെ മെലിഞ്ഞ  ശരീരത്തിലെ പേശികൾ ഇതുവരെ ചെയ്ത “ജോലി”യുടെ കാഠിന്യം വിളിച്ചോതുന്നുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന് ജോലി തുടരാതെ വയ്യ. വീട്ടുചെലവുകൾക്ക്, അച്ഛന്റെ മരുന്നിന്, അനിയത്തിയുടെ വിവാഹത്തിന്, എന്നെങ്കിലും നടന്നേക്കാവുന്ന സ്വന്തം വിവാഹത്തിന്, ഒക്കെ പണം ആവശ്യമാണ്.

ജോലി തേടിയുളള ആ യാത്ര അവസാനിച്ചത് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുളള നാലര കിലോമീറ്റർ വരുന്ന സിൽക്യാര -ദ‍ണ്ഡൽഗാവ് തുരങ്കത്തിലാണ്. മലമടക്കുകൾ തുരന്ന് അവരുണ്ടാക്കിയ തുരങ്കം ഇടിഞ്ഞുവീണത് നവംബർ 12നാണ്. തുരങ്കമുഖത്ത് വന്നടിഞ്ഞു കൂടിയ 60 മീറ്ററോളം അവശിഷ്ടങ്ങൾക്കു മുമ്പിൽ നിന്ന ആദ്യ നിമിഷങ്ങൾ ഭീതിയുടേയും ആശങ്കയുടേതുമായിരുന്നു. വീൽചെയറിലായ വൃദ്ധനായ അച്ഛനെ ഇനി കാണുമോ? അമ്മ വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് യാത്ര പറയാതെയാണ് പോന്നത്. അമ്മയെ ഇനി കാണില്ലേ? അനിയത്തിയെ...?
 
വീട്ടിൽ നിന്നുളള യാത്ര

ഒരു ദിവസം ഉച്ചകഴിഞ്ഞാണ് ബേഡിയയും മറ്റ് എട്ടുപേരും ചേർന്നൊരു ടെമ്പോ ട്രാവലർ വാടകയ്ക്കെടുത്ത് അടുത്ത ജില്ലയിലെ ബർകകാന റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. 65രൂപ ടിക്കറ്റിൽ നാല് മണിക്കൂർ ട്രെയിൻ യാത്ര ചെയ്ത് അവർ കൊഡെർമ സ്റ്റേഷനിലെത്തി അവിടെ രാത്രി കഴിച്ചു.

Advertisment

“വീട്ടിൽ ജോലിക്കു പോകുന്നു എന്നു പറഞ്ഞാണിറങ്ങിയതെങ്കിലും എന്തു ജോലിയാണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കും അറിയുമായിരുന്നില്ല. ട്രെയിനിൽ ഇരിക്കുമ്പോഴാണ് തുരങ്കത്തിലെ പണിക്കാണ്  പോകുന്നതെന്ന് മനസിലായത്,” ഋഷികേശിലെ എയിംസിൽ (രക്ഷപ്പെടുത്തിയ ശേഷം അവരെ പ്രവേശിപ്പിച്ചത് ഇവിടെയാണ്) വെച്ച് ഇന്ത്യൻ എക്സ്പ്രസിനോടായി രാജേന്ദ്ര ബേഡിയ പറഞ്ഞു.

 ഗ്രാമത്തിൽ നിന്നും തുരങ്ക നിർമ്മാണ സൈറ്റിൽ  ജോലി ചെയ്യുന്ന മറ്റുളളവർ വഴിയാണ് കരാറുകാരൻ രാജേന്ദ്ര ബേഡിയയെയും മറ്റുളളവരെയും സമീപിച്ചത്. അവർക്കുളള ട്രെയിൻ ടിക്കറ്റും അയാൾ നൽകി. അങ്ങനെ അടുത്ത ദിവസം വെളുപ്പിന് മൂന്ന് മണിക്ക് ബേഡിയയും സംഘവും ഋഷികേശിലേക്കുളള ട്രെയിനിൽ കയറി. 31 മണിക്കൂർ നീണ്ട യാത്രയായിരുന്നു അത്. ഉറങ്ങിയും മറ്റുളളവരോട് സംസാരിച്ചും ഫോണിൽ ഡൗൺലോഡ് ചെയ്ത അല്ലു അർജുൻ സിനിമകൾ കണ്ടുമാണ് രാജേന്ദ്ര ബേഡിയ ആ സമയം ചെലവഴിച്ചത്. “അല്ലു അർജ്ജുന്റെ സിനിമകൾ എല്ലാം നല്ലതാണ്. എല്ലാത്തിലും ഒടുവിൽ അയാൾ വിജയിയായി മാറും. 'ഡിജെ'യും 'പുഷ്പ'യുമാണ് എന്റെ പ്രിയപ്പെട്ട സിനിമകൾ,” രാജേന്ദ്ര ബേഡിയ പറയുന്നു.

Uttarakhand Tunnel Workers

ഋഷികേശിൽ നിന്നും ബേഡിയയെയും സംഘത്തെയും നിർമ്മാണസ്ഥലത്തേക്ക് കൊണ്ടുപോയി. ഉത്തരകാശിയിലെ സിൽക്യാരയിലേക്ക് ഋഷികേശിൽ നിന്നും 150 കിലോമീറ്റർ ദൂരമുണ്ട്.  അവിടെയാണ് അവർക്ക് ജോലി പറഞ്ഞുവെച്ചിരിക്കുന്ന ഉത്തരാഖണ്ഡിലെ  889 കിലോമീറ്റർ ദൈർഘ്യമുളള ചാർധാം ദേശീയ പാതയുടെ ഭാഗമായ സിൽക്യാര- ദണ്ഡൽഗാവ് തുരങ്ക നിർമ്മാണം നടക്കുന്നത്.

ഉത്തരാഖണ്ഡിലെ കുന്നുകളും ശുദ്ധവായുവും രാജേന്ദ്രയ്ക്കത്ഭുതമായിരുന്നു. തുരങ്കനിർമ്മാണം നടക്കുന്നിടത്തു നിന്നും പത്ത് മിനിട്ടു കൊണ്ട് നടന്നെത്താവുന്ന താമസസ്ഥലവും മോശമല്ലായിരുന്നു. കമ്പിളിപ്പുതപ്പും കിടക്കയും ചൂടുപകരുന്ന വസ്ത്രങ്ങളും ഉണ്ടായിരുന്നു. ഭക്ഷണവും നന്ന്. ആഴ്ചയിൽ രണ്ടുദിവസം ചിക്കൻ കറി, ഒരു ദിവസം മുട്ട, ബാക്കിയുളള ദിവസങ്ങളിൽ പച്ചക്കറികളും കടലക്കറിയും.

തുരങ്കമിടിയുന്നു:  ‘ഭൂമികുലുക്കം പോലുളള അനുഭവം’

ജോലി കഠിനമായിരുന്നു. ബേഡിയയുടെ ആദ്യദിനം തന്നെ ഗുഹപോലെ തോന്നിക്കുന്ന തുരങ്കത്തിനകത്തെ പ്ലംബിങ്ങ്, കെട്ടുപണി തുടങ്ങിയവയിൽ സഹായിക്കലായിരുന്നു. “കുന്നും മലയുമുളള പ്രദേശത്ത് ആദ്യമായാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് ആദ്യമൊക്കെ തുരങ്കം കാണുമ്പോൾ ഭയം തോന്നിയിരുന്നു. പിന്നീടതുമായി പൊരുത്തപ്പെട്ടു,” ബേഡിയ പറഞ്ഞു. ദിവസവും 12 മണിക്കൂറാണ് ജോലി. മാസത്തിൽ രണ്ട് ദിവസം അവധിയും 19,000 രൂപയുമാണ്  ബേഡിയക്ക് കൂലിയായി കൊടുക്കാമെന്ന് ഏറ്റിരുന്നത്.

നവംബർ 12ന് രാജേന്ദ്ര ബേഡിയക്ക് രാത്രി ഷിഫ്റ്റിലായിരുന്നു ജോലി. വെളുപ്പിന് ഏകദേശം അഞ്ചുമണിക്കാണ് കാതടിപ്പിക്കുന്ന സ്‌ഫോടനം ഉണ്ടായത്. “തുരങ്കത്തിന്റെ ആർച്ച് പണിയുകയായിരുന്ന ജോലിയിൽ സഹായിക്കുകയായിരുന്നു ഞാൻ. ഭൂകമ്പം ഉണ്ടായതുപോലെയാണ് തോന്നിയത്. തുരങ്കത്തിനകത്താകെ പൊടിയും പുകയും നിറഞ്ഞ് ശ്വാസം മുട്ടി. പിന്നൊന്നും ഓർമ്മയില്ല. കണ്ണു തുറക്കുമ്പോൾ പൊടിയിൽ മുങ്ങിയ സഹപ്രവർത്തകർ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.”

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ജോലിക്കാർ എല്ലാവരും കല്ലും മണ്ണും മറ്റവശിഷ്ടങ്ങളും കൊണ്ടടഞ്ഞുപോയ തുരങ്കത്തിന്റെ വാതിൽക്കലേക്ക് ഓടി. ചിലർ മണ്ണ് നീക്കാൻ ശ്രമിച്ചുനോക്കി, പിന്നെയാ ശ്രമം ഉപേക്ഷിച്ചു.

ആദ്യത്തെ പരിഭ്രമം നിരാശയ്ക്കു വഴിമാറി. തങ്ങളെ ഗ്രസിച്ച ദുരന്തത്തിന്റെ ആഴം എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. “വീടിനെയും കുടുംബത്തിനെയും കുറിച്ചാണ് ആദ്യം ഓർത്തത്. ഞാനെങ്ങനെയാണിവിടെ എത്തിപ്പെട്ടത് ? ഇനിയെനിക്ക് അച്ഛനെ കാണാനാവുമോ? എന്റെ കുടുംബത്തിനിനി ആരുണ്ട് ? അവരെ ആരു സംരക്ഷിക്കും ? ഞാൻ പെട്ടിരിക്കുന്ന അപകടത്തെ കുറിച്ച് അവർക്ക് അറിയുമോ? അറിഞ്ഞാൽതന്നെ അവർ എങ്ങനെയായിരിക്കും പ്രതികരിക്കുക? സഹായത്തിനായി ആരെയാണവർ സമീപിക്കുക?,” ബേഡിയ ഓർക്കുന്നു.

Uttarakhand Tunnel Workers

ചീട്ടുകളിയും വീട്ടുകാരുമായുളള ഫോൺ സംഭാഷണങ്ങളും

ആ അവസരത്തിൽ ഒരു നേതാവ് വേണമായിരുന്നു. ഭാഗ്യത്തിന്   ബേഡിയയ്ക്കും സംഘത്തിനുമൊപ്പം “നേഗി ജി” ഉണ്ടായിരുന്നു - 45 കാരനായ ഫോർമാൻ ഗബ്ബർ സിങ് നേഗി, കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾ. നേഗി എല്ലാവരെയും ആശ്വസിപ്പിക്കുകയും പ്രതീക്ഷ കൈവിടാതിരിക്കാൻ സഹായിക്കുകയും ചെയ്തു. അവരോട് പങ്കിടാൻ സമാനമായൊരു അപകടത്തിന്റെ കഥയും നേഗിക്ക് പറയുവാനുണ്ടായിരുന്നു. സിക്കിമിൽ വെച്ച് മണ്ണിടിഞ്ഞ് ഭൂമിക്കടിയിൽ പെട്ടുപോയ നേഗിയും സംഘവും പഴത്തൊലി കഴിച്ച് ജീവൻ നിലനിർത്തിയ കഥ എല്ലാവർക്കും പ്രതീക്ഷ നൽകി.  “എല്ലാവർക്കും ധൈര്യം പകരുന്ന കഥകളായിരുന്നു അതൊക്കെ,” ബേഡിയ ഓർക്കുന്നു.

ഭാഗ്യത്തിന് തുരങ്കത്തിലേക്കുളള വൈദ്യുതിബന്ധത്തിന് തകരാറൊന്നും സംഭവിച്ചിരുന്നില്ല. തുരങ്കത്തിൽ നിന്നും വെളളം പുറത്തേക്ക് കളയുന്ന നാല് ഇഞ്ച് പൈപ്പിനും കേട് പറ്റിയില്ല - ഏതാനും ദിവസങ്ങൾ ജീവൻ നിലനിർത്താനുളള വകയായി.

തങ്ങൾ അകത്ത് ജീവനോടെ ഉണ്ടെന്ന് അറിയിക്കാൻ ഇടവിട്ട് ഇടവിട്ട് പൈപ്പിലൂടെ പുറത്തേക്ക് വെളളം പമ്പ് ചെയ്യാമെന്ന് ധാരണയായി.

ആ ആശയം വിജയിച്ചു. വിവിധ ഏജൻസികൾ ഒത്തുചേർന്നുളള അഭൂതപൂർവമായൊരു രക്ഷാപ്രവർത്തനത്തിന് കളമൊരുങ്ങി.

അകത്ത്, എല്ലാവരും എന്തെങ്കിലും കഴിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞിരുന്നു. ചിലർ മയങ്ങി, മറ്റു ചിലർ അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. നവംബർ 13ന് പുലർച്ചെ ഏകദേശം മൂന്ന് മണിയായപ്പോൾ ഇന്ദ്രജാലം പോലെ അവർ വെളളം പമ്പ് ചെയ്തിരുന്ന പൈപ്പിലൂടെ അവ്യക്തമായ ചില ശബ്ദങ്ങൾ കേട്ടു. വൈകാതെതന്നെ ശബ്ദം വ്യക്തമായി കേട്ടുതുടങ്ങി. നിങ്ങളെ എങ്ങനെയും പുറത്തെത്തിക്കുമെന്ന് മറുവശത്ത് നിന്നാരോ പറഞ്ഞു.

“പുറത്തു നിന്നൊരാളുടെ ശബ്ദം ആദ്യമായി കേട്ടത് അപ്പോഴാണ്,” ബേഡിയ പറഞ്ഞു, “അയാൾ പറയുന്നത് അത്ര വ്യക്തമല്ലെങ്കിലും തിരിച്ചൊന്നും പറയാൻ കഴിയുന്നില്ലെങ്കിലും ഞങ്ങൾ സുരക്ഷിതരാണെന്ന് ആദ്യമായി അനുഭവപ്പെട്ടു. പുറ‍ത്ത് എല്ലാവരും ഞങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമം നടത്തുന്നുണ്ട്. അത് വളരെ പ്രതീക്ഷ തന്നു.”

“ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ പൈപ്പിലൂടെ എന്തോ അകത്തേക്ക് വീണു. പൊരിയും  ഏലത്തരികളുമായിരുന്നു അത്. എല്ലാവരും ആശ നിറഞ്ഞ കണ്ണുകളോടെ പൈപ്പിനു ചുറ്റും കൂടി. തുരങ്കത്തിലെ അഴുക്കും പൊടിയും കലർന്ന് പൊരി വൃത്തികേടായിരുന്നു. ഞങ്ങളത് ജിയോഷീറ്റുകളിൽ പരത്തിയിട്ടു ഞങ്ങളുടെ വസ്ത്രം കൊണ്ട് തുടച്ച് വൃത്തിയാക്കിയിട്ട് കഴിച്ചു.”

"പിന്നീട് വേവിച്ച കടലയും പൈപ്പിലൂടെ കടത്തിവിട്ടു. ഭക്ഷണം വിതരണം ചെയ്യാത്ത സമയത്ത് ഓക്സിജൻ പമ്പ് ചെയ്തു."

"വെളളമില്ലാത്ത പ്രദേശമായിരുന്നു അത്. പക്ഷേ തുരങ്കത്തിൽ രണ്ട് കിലോമിറ്ററിനുളളിൽ മലകളിൽ നിന്നും വെളളമൂറി വന്നിരുന്നു. അതിൽ നിന്ന് ജാറുകളിൽ വെളളം ശേഖരിച്ച് ഉപയോഗിക്കുകയായിരുന്നു  ചെയ്തിരുന്നത്. “ ആ വെളളമാണ് ഞങ്ങൾ കുടിക്കാനും കുളിക്കാനും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചത്.” ബേഡിയ പറഞ്ഞു.

പത്തു ദിവസങ്ങൾക്കു ശേഷം നവംബർ 21ന് അവശിഷ്ടങ്ങൾക്കിടയിലൂടെ കുറച്ചുകൂടി വലിപ്പമുളള ആറിഞ്ച് പൈപ്പ് അകത്തേക്ക് നീണ്ടു. അതിലൂടെ രക്ഷാപ്രവർത്തകർ കിച്ടിയും പനീർ ബിരിയാണിയും പഴങ്ങളും നൽകി. 3:53ന് ഒരു എൻഡോസ്കോപിക് കാമറയും.

അകത്തു പെട്ടുപോയ മനുഷ്യരെ ലോകം കാണുന്നത് അപ്പോഴാണ്. “നിങ്ങൾ എല്ലാവരും സുരക്ഷിതരാണെങ്കിൽ ഓരോരുത്തരായി നിങ്ങളുടെ മുഖം കാമറയിൽ കാണിക്കുക, കയ്യുയർത്തി പുഞ്ചിരിക്കുക. ഞങ്ങൾ എത്രയും പെട്ടെന്ന് നിങ്ങളുടെ അടുത്തേക്ക് എത്തുന്നതാണ്. ഒന്നും പേടിക്കാനില്ല, കാമറ പതുക്കെ അകത്തേക്ക് വലിച്ചെടുത്ത് ഓരോരുത്തരെയായി കാണിക്കുക,” ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു. തൊഴിലാളികളിൽ ഒരാൾ കാമറ അകത്തേക്ക് എടുത്തു. ഒരു തുണി ഉപയോഗിച്ച് കാമറ വൃത്തിയാക്കാൻ മറ്റൊരു രക്ഷാപ്രവർത്തകൻ പറഞ്ഞു.

“ഞങ്ങൾക്കെന്ത് വേറെ എന്തൊക്കെയാണ് വേണ്ടത് അവർ ചോദിച്ചു. ഞങ്ങൾ ഗെയിം കളിച്ച് സമയം തളളിനീക്കാനായി (ഫോൺ)  ചാർജറുകൾ ചോദിച്ചു.”

“എല്ലാവർക്കും കഴിച്ചുതീർക്കാൻ പറ്റാത്തത്ര ഭക്ഷണം ലഭിച്ചു. എല്ലാവരും സന്തോഷത്തിലായി. അതുവരെ ഞങ്ങൾ പൊരി  മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം കഴിക്കവേ ആർത്തികൊണ്ട് തൊണ്ടയടഞ്ഞു. ഇത്ര രുചിയോടെ ഇതിനു മുമ്പ് ആഹാരം കഴിച്ചിട്ടില്ല. ഞങ്ങൾ കഴിച്ചുകൊണ്ടേയിരുന്നു,” ബേഡിയ ഓർത്തെടുത്തു. ഒപ്പം പുറ‍ത്തു നടക്കുന്ന രക്ഷാപ്രവർത്തനങ്ങളെ പറ്റിയും അവരെ അറിയിച്ചുകൊണ്ടിരുന്നു. ഡ്രില്ലിങ്ങ് മെഷീൻ വന്നതും അത് തകരാറിലായതും വിദഗ്ധരായ റാറ്റ് മൈനേഴ്സ് എത്തിയതും എല്ലാം അവർ അറിയുന്നുണ്ടായിരുന്നു. “പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ ഒന്നോ രണ്ടോ മാസമെടുത്താലും ഞങ്ങളെ പുറത്തെത്തിക്കുമെന്ന് അവർ ഉറപ്പു നൽകി,” അവൻ പറഞ്ഞു.

Uttarakhand Tunnel Workers

മൈക്രോഫോണും സ്പീക്കറും ഘടിപ്പിച്ച ഒരു വയറും തുരങ്കത്തിനകത്തേക്ക് എത്തിച്ചിരുന്നു. ഇതുവഴിയാണ് രക്ഷാപ്രവർത്തകർ തൊഴിലാളികളോട് സംവദിച്ചിരുന്നത്. ഇതിലൂടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനും വഴിയൊരുക്കി. “ഞങ്ങൾ എല്ലാവരും കുടുംബാംഗങ്ങളുടെ ഫോൺ നമ്പർ നൽകി. അവർ വീടുകളിലേക്ക് വിളിച്ച് ഫോൺ സ്പീക്കറിൽ ഇട്ടുതരും. ഞാനെന്റെ കുടുംബവുമായി സംസാരിച്ചു, ഞങ്ങൾ സുരക്ഷിതരാണെന്ന് അവരെ ആശ്വസിപ്പിച്ചു,” ബേഡിയ പറഞ്ഞു.

ദിവസങ്ങൾ നീണ്ടതോടെ ബേഡിയയും മറ്റുളളവരും പതുക്കെ  സാഹചര്യവുമായി പൊരുത്തപ്പെട്ടു. ആശങ്കകൾ അസ്തമിച്ചു. വിധിയുടെ വിചിത്രമായ നീക്കത്തിലൂടെ അവർ 41 പേർ സുഹൃത്തുക്കളായി മാറി.

തുരങ്കത്തിന്റെ തറയിലാണ് രാത്രികൾ കഴിച്ചുകൂട്ടിയത്. “ജിയോഷീറ്റുകൾ വിരിച്ച് ഞങ്ങൾ കിടന്നുറങ്ങി. തണുത്തപ്പോൾ അതുതന്നെ ഉപയോഗിച്ച് ഞങ്ങൾ പുതച്ചു,” ബേഡിയ പറഞ്ഞു.

ഫോണുകളിൽ ഗെയിം കളിക്കുകയായിരുന്നു പ്രധാന വിനോദം. ചീട്ടുകളി മറ്റൊരു ഉപാധിയായിരുന്നു.  ചീട്ടുകൊണ്ട് പുതിയ കളിയൊക്കെ കണ്ടുപിടിച്ചു.

തന്റെ ഗ്രാമത്തിൽ നിന്നുതന്നെയുളള സുഖ്റാം, അനിൽ, ഉത്തർ പ്രദേശിൽ നിന്നുളള മഞ്ജീത് എന്നിവരുമായാണ് ബേഡിയ കൂട്ടായത്. നാലുപേരും കൂടി ചീട്ടുകൊണ്ട് രാജാവ്, മന്ത്രി, കളളൻ, ശിപായി കളിച്ചു.

“നേഗി ജിയുടെ കയ്യിൽ ഒരുപാട് കടലാസ് ഉണ്ടായിരുന്നു. ഞങ്ങൾ അതൊക്കെ കളികൾക്കായി ഉപയോഗിച്ചു. നല്ല രസമായിരുന്നു. ഓരോരുത്തരും തന്റെ ഗ്രാമത്തിലെ ജീവിതത്തെ കുറിച്ച് പറഞ്ഞു. കല്യാണങ്ങൾക്ക് നൃത്തം ചവിട്ടുന്നതും മറ്റും പറഞ്ഞ് പരസ്പരം കളിയാക്കി. കളിക്കുമ്പോൾ മിക്കവാറും സുഖ്റാം ആണ് കളളനാവുക. പക്ഷേ ഞങ്ങളുടെ ഊഹം ഒരിക്കലും ശരിയായില്ല,” തുരങ്കത്തിലെ നാളുകൾ ഓർത്ത് ബേഡിയ പറഞ്ഞു.

മറ്റുളളവരും നേഗിയുടെ കടലാസുകൾ ഉപയോഗിച്ച് ചീട്ടുകൾ ഉണ്ടാക്കി കളിച്ചു. “കടലാസ് ചീട്ടിന്റെ വലിപ്പത്തിൽ 52 കഷണങ്ങളാക്കി മുറിച്ച് ക്ലബ്സും ഹാർട്ട്സും ഡയമണ്ടും സ്പേഡുമൊക്കെ അടയാളപ്പെടുത്തി അതുവെച്ചായിരുന്നു കളിച്ചിരുന്നത്. എല്ലാവരും നല്ല തമാശയായിരുന്നു. പിന്നെ കോൾ ബ്രേക്ക് എന്നൊരു കളിയും ഉണ്ടായിരുന്നു,” ചാർജറുകളും പവർ ബാങ്കുകളും കിട്ടിയതോടെ ഫോണും ഇഷ്ടംപോലെ ഉപയോഗിക്കാമെന്നായി. അല്ലു അർജ്ജുൻ സിനിമകൾ വീണ്ടും വീണ്ടും കാണുകയായിരുന്നു ബേഡിയയുടെ മറ്റൊരു വിനോദം.

 നേഗിയുടെ നിർദേശം അനുസരിച്ച് എല്ലാവരും തങ്ങളുടെ മാനസിക, ശാരീരികാരോഗ്യം നിലനിർത്തുന്നതിനായി തുരങ്കത്തിൽ ഒരു കിലോമീറ്ററോളം നടക്കുമായിരുന്നു. പ്രാഥമിക കൃത്യങ്ങൾക്കായി ഒരു സ്ഥലം പ്രത്യേകം ഒഴിച്ചിട്ടു. കാര്യം കഴിച്ചശേഷം മണ്ണ് കൊണ്ടുമൂടി.

ഓരോരുത്തർക്കും നേഗി ഓരോ ജോലിയും ഏൽപ്പിച്ചിരുന്നു. ചെറു സംഘങ്ങളായി തിരിച്ച് പരിസരം വൃത്തിയാക്കൽ, ഭക്ഷണവിതരണം അങ്ങനെ പലതും. തുരങ്കത്തിന്റെ മറ്റേയറ്റത്തു നിന്നും വെളളം ശേഖരിക്കുന്ന ജോലിയായിരുന്നു ബേഡിയയ്ക്ക്.

“നടത്തവും സംഘം ചേർന്നുളള ജോലികളുമെല്ലാം ഞങ്ങളെ ഒരുപാട് സഹായിച്ചു. രാത്രിയിൽ ഞങ്ങളെല്ലാവരും സമാധാനത്തോടെ ഉറങ്ങി,” അദ്ദേഹം  ഓർത്തെടുത്തു.

എന്നിരുന്നാലും ചില സമയങ്ങളിൽ ചിലർ ധൈര്യം ചോർന്ന് നിലവിളിക്കാറുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം മറ്റുളളവർ ചേർന്ന് അവരെ ശാന്തരാക്കി.

“ഞങ്ങൾ 41 പേരുളളതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷപ്പെടുത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. പുറത്ത്  രക്ഷാപ്രവർത്തനത്തിനിടെ നേരിട്ട ദുർഘടങ്ങളൊന്നും ഞങ്ങളെ തളർത്തിയില്ല. ഞങ്ങൾ പ്രാർത്ഥിച്ചു. ഒരുദിവസം പുറലോകം കാണാനാവുമെന്നു തന്നെ ഞങ്ങൾ പ്രതീക്ഷിച്ചു,” രാജേന്ദ്ര ബേഡിയ പറഞ്ഞു.

ഒടുവിൽ പുറത്തേക്ക്

നവംബർ 28 ന് ഉച്ച കഴിഞ്ഞതോടെ പുറത്തെ പ്രഹരശബ്ദം കൂടുതൽ കൂടുതൽ ഉച്ചത്തിലായി. തകർന്ന തുരങ്കത്തിൽ കുടുങ്ങിയ ഡ്രില്ലിങ്ങ് മെഷീൻ റാറ്റ് മൈനർമാർ ചേർന്ന് പുറത്തെടുക്കുകയായിരുന്നു.

രാത്രി എട്ടുമണിയോടെ കാത്തിരുന്ന ആ നിമിഷമെത്തി. പൈപ്പിനുളളിലൂടെ ഒരു രക്ഷാപ്രവർത്തകന്റെ തല കണ്ടു. ഞങ്ങൾ ആഹ്ളാദാരവങ്ങൾ മുഴക്കി.

“ഞങ്ങൾ അയാളെ അകത്തേക്ക് വലിച്ചിറക്കി.  ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു, ഫോട്ടോകൾ എടുത്തു. രക്ഷാപ്രവർത്തകർ അകത്തേക്കിട്ട കുഴൽ  എന്നെപ്പോലൊരാൾക്ക് പുറത്തിറങ്ങാൻ ആവശ്യത്തിനുളള വലിപ്പമുളളതായിരുന്നു. ഞാനതിലേക്ക് ചാടിക്കയറി, ദേഹം ഇത്തിരി കുനിച്ച് പുറത്തേക്ക് നടന്നു. ഏകദേശം അഞ്ചുമിനിറ്റോളം നടന്നു കാണണം, ഒടുവിൽ ഞാൻ പുറത്തെത്തി!” ബേഡിയ പറഞ്ഞു.

പുറത്ത് വീണ്ടും വീണ്ടും ആശ്ലേഷങ്ങൾക്കു ശേഷം കാത്തുനിന്നിരുന്ന ഒരു സംഘം ഡോക്ടർമാർ ഓരോരുത്തരെയായി പരിശോധിച്ച് രക്ത സമ്മർദ്ദവും മറ്റും നോക്കി ആമ്പുലൻസിലേക്ക് അയച്ചു. കാമറകളും വെളിച്ചവും അവരെ പിന്തുടർന്നു. എങ്ങും ചിരികൾ മാത്രം നിറഞ്ഞുനിന്നു. “ഞാനൊരിക്കലും മറക്കാത്ത ഒരു സ്വീകരണമായിരിക്കും ഇത്,” ബേഡിയ പറഞ്ഞു.

ഋഷികേശിലെ എയിംസിൽ നടന്നുവരുന്ന വൈദ്യപരിശോധനകൾ ഒക്കെ പൂർത്തിയായാൽ ഉടൻ രാജേന്ദ്ര ബേഡിയയ്ക്ക് തന്റെ ഗ്രാമത്തിലേക്കു മടങ്ങാം. പക്ഷേ ഇനിയാണ് “യഥാർത്ഥ ആശങ്ക” ആരംഭിക്കാനിരിക്കുന്നത്.

“ജാർഖണ്ഡിൽ ജോലിയൊന്നുമില്ല. ഞാനവിടെ എന്തു ചെയ്യാനാണ് ? വീട്ടിൽത്തന്നെയിരിക്കാൻ എന്റെ കുടുംബം നിർബന്ധിക്കുമെന്നറിയാം, പക്ഷേ  എന്റെ ജോലി എന്നെ നയിക്കുന്നിടത്തേക്ക് പോവുകയല്ലാതെ മറ്റെന്ത് മാർഗമാണ് എനിക്കുളളത് ?”

tunnel rescue utharakhand tunnel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: