ഡറാഡൂൺ: നവവത്സരാഘോഷത്തിന് രാത്രി ആഘോഷിക്കാൻ പോകുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. സ്ത്രീസുരക്ഷ മുൻനിർത്തിയാണ് ട്രാഫിക് ഡയറക്ടറേറ്റ് 30 വാഹനങ്ങൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്.

“ഇത്തവണ ഡറാഡൂണിലാണ് പിക് ആന്റ് ഡ്രോപ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത വർഷം നവവത്സരാഘോഷം നടക്കുന്ന മറ്റ് നഗരങ്ങളിലും ഈ സൗകര്യം ഉണ്ടായിരിക്കും”, ട്രാഫിക് ഡയറക്ടറേറ്റിന്റെ മേധാവി കെവാൽ ഖുറാന പറഞ്ഞു.

40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഡറാഡൂൺ നഗരത്തിൽ 30 വ്യത്യസ്ത ഇടങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുക. രാത്രി 8 മുതൽ പുലർച്ചെ ഒരു മണി വരെ ഈ സൗകര്യം സ്ത്രീകൾക്ക് ഉപയോഗിക്കാം. 100 എന്ന നമ്പറിൽ വിളിച്ചാൽ വാഹന സൗകര്യം ലഭിക്കും. ഇത് പൂർണ്ണമായും സൗജന്യമാണ്.

നവവത്സര രാത്രിയിൽ അപകടം സംഭവിച്ചാൽ മുറിവേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതടക്കമുള്ള അടിയന്തിര സേവനങ്ങൾക്കും ഈ വാഹനങ്ങൾ ഉപയോഗിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ