/indian-express-malayalam/media/media_files/M15xvlE3F1zcJwvKhEDc.jpg)
ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ ചർച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി ഉത്തരാഖണ്ഡ് സർക്കാർ ദീപാവലിക്ക് ശേഷം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വിവിധ നിയമഭേദഗതികൾ സംബന്ധിച്ച് നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ ലിംഗസമത്വത്തിനും പൂർവിക സ്വത്തുക്കളിൽ പെൺമക്കൾക്ക് തുല്യാവകാശത്തിനും ഊന്നൽ നൽകിയിട്ടുള്ളതായി അറിയുന്നു. എന്നാൽ, സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നതിനോട് അനുകൂല സമീപനമല്ല ബി ജെ പി ഭരിക്കുന്ന സംസ്ഥാനം മുന്നോട്ട് വെക്കുന്നത്. മാത്രമല്ല, സ്ത്രീകളുടെ വിവാഹപ്രായം നിലവിലുള്ളത് പോലെ 18 ആയി നിലനിർത്തണമെന്നും കമ്മിറ്റിയുടെ ശിപാർശയിൽ പറയുന്നു.
“വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാ മതങ്ങൾക്കും ബാധകമായ ഒരു നിയമം രൂപീകരിക്കുക എന്നതാണ്,” ലക്ഷ്യമെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്, വിവാഹ രജിസ്ട്രേഷൻ, വിവാഹമോചനം, സ്വത്തവകാശം, അന്തർ സംസ്ഥാന സ്വത്തവകാശം, ജീവനാംശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വ്യക്തിനിയമങ്ങളിലെ ഏകരൂപത്തിലാണ് ബില്ല് ശ്രദ്ധയൂന്നുന്നത്.
നിർദ്ദിഷ്ട നിയമനിർമ്മാണം വിവാഹങ്ങൾക്കുള്ള ഏതെങ്കിലും മതപരമായ ആചാരങ്ങളെ സ്പർശിക്കുകയോ മറ്റ് ഏതെങ്കിലും മതപരമായ ആചാരങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്നില്ല.
ലിവ് ഇൻ ബന്ധങ്ങളിൽ രജിസ്ട്രേഷൻ നിർബന്ധമാക്കും.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ തയ്യാറാക്കുന്നതിന്, കേന്ദ്ര സർക്കാർ, ഇതൊരു മാതൃകയായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2022 മെയ് 27-ന് ഉത്തരാഖണ്ഡ് ഗവൺമെന്റ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനും സംസ്ഥാനത്ത് താമസിക്കുന്ന ആളുകൾക്ക് വ്യക്തിഗത പൗരന്മാരുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രസക്തമായ എല്ലാ നിയമങ്ങളും പരിശോധിക്കുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചു. കഴിഞ്ഞ വർഷം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത്. പുതുതായി രൂപീകരിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സമിതിയെ പ്രഖ്യാപിച്ചത്.
ഈ വർഷം സെപ്റ്റംബറിൽ സമിതിയുടെ കാലാവധി മൂന്നാം തവണയും നാലു മാസം കൂടി നീട്ടിയിരുന്നു. നിർദിഷ്ട ഏകീകൃത സിവിൽ കോഡ് (യുസിസി) ബില്ലിന്റെ കരട് തയ്യാറാക്കൽ പൂർത്തിയായെന്നും കരട് സഹിതം റിപ്പോർട്ട് ഉടൻ അച്ചടിച്ച് സർക്കാരിന് സമർപ്പിക്കുമെന്നും ജൂൺ 30ന് ജസ്റ്റിസ് ദേശായി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അടുത്ത 3-4 ദിവസത്തിനുള്ളിൽ റിപ്പോർട്ടും ഡ്രാഫ്റ്റും സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
സമിതി റിപ്പോർട്ട് സമർപ്പിച്ചാലുടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നേരത്തെ പറഞ്ഞിരുന്നു. “കമ്മിറ്റി അതിന്റെ റിപ്പോർട്ട് ഞങ്ങൾക്ക് സമർപ്പിച്ചാലുടൻ, ഭരണഘടനാപരമായ പ്രക്രിയ അനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുകയും എത്രയും വേഗം അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യും,” എന്നാണ് അന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞത്.
ജസ്റ്റിസ് ദേശായിയെ കൂടാതെ, വിരമിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ചീഫ് സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ ശത്രുഘ്‌നൻ സിങ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്‌വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ജനനനിയന്ത്രണം സംബന്ധിച്ച് (കുട്ടികളുടെ എണ്ണം) നിശ്ചിതമായ തുല്യത വേണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് സമിതിക്ക് "അഭൂതപൂർവമായ അഭിപ്രായങ്ങൾ" ലഭിച്ചിരുന്നുവെങ്കിലും, കമ്മിറ്റി ഇത് സംബന്ധിച്ച് ശുപാർശ നൽകിയിട്ടില്ല, പകരം ദേശീയ തലത്തിൽ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാണമെന്ന ശക്തമായ അഭിപ്രായമുണ്ടെന്ന് സൂചിപ്പിച്ചു.
ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശും ഗുജറാത്തും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നതിന് കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ, ലോ കമ്മീഷൻ ഓഫ് ഇന്ത്യയും ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ചുള്ള സാധ്യതയെക്കുറിച്ച് ബിജെപി എംപിയും നിയമ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുശീൽ കുമാർ മോദി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു, കാരണം അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും മറ്റ് സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഈ സാഹചര്യത്തിൽ സംഘപരിവാറിന്റെ ഭാഗത്തുനിന്നും ജാഗ്രതാ നിർദ്ദേശം വന്നിട്ടുണ്ട്. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ്-അനുബന്ധ സംഘടനയായ വനവാസി കല്യാൺ ആശ്രമം, ആദിവാസികളെ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തണമെന്ന നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.