ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ 28 ആയി ഉയര്‍ന്നു. നൈനിറ്റാൾ ജില്ലയിൽ മാത്രം 18 പേർ മരിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തുടരുന്ന മഴ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, വസ്തുനാശം എന്നിവയ്ക്കു കാരണമായിരിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് കരസേന ഹെലികോപ്റ്ററുകള്‍ വിന്യസിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. രണ്ടെണ്ണം നൈനിറ്റാളിലേക്കും മറ്റൊന്ന് ഗര്‍വാള്‍ മേഖലയിലേക്കുമാണ് അയച്ചത്. ദേശീയ ദുരന്ത പ്രതികരണ സേന(എന്‍ഡിആര്‍എഫ്)യുടെ 10 സംഘങ്ങളെയെങ്കിലും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഉത്തരകാശിയില്‍ രണ്ടും ഡെറാഡൂണ്‍, ചമോലി, അല്‍മോറ, പിത്തോറഗഡ്, ഹരിദ്വാര്‍, ഗദര്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോ സംഘവുമുണ്ട്.
അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിലും സജീവമായ രണ്ട് ന്യൂനമര്‍ദങ്ങളാണ് ഉത്തരാഖണ്ഡിലെ ശക്തമായ മഴയ്ക്കും തുടര്‍ സംഭവങ്ങള്‍ക്കും കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായുംകേന്ദ്ര മന്ത്രി അജയ് ഭട്ടുമായും സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് അതിതീവ്ര മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇന്നു രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ പന്ത്‌നഗര്‍ (40 സെന്റിമീറ്റര്‍), മുക്തേശ്വര്‍ കുമാവ് (34 സെന്റിമീറ്റര്‍), തെഹ്രി (7 സെന്റിമീറ്റര്‍) എന്നിവിടങ്ങളില്‍ കാര്യമായി മഴ രേഖപ്പെടുത്തി.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മൂന്ന് റോഡുകള്‍ അടച്ചതിനാല്‍, വിനോദ സഞ്ചാര കേന്ദ്രമായ നൈനിറ്റാള്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. നൈനിറ്റാളിലെ മാള്‍ റോഡും നൈനി തടാകത്തിന്റെ തീരത്തുള്ള നൈനാദേവി ക്ഷേത്രവും വെള്ളത്തില്‍ മുങ്ങി. മണ്ണിടിച്ചിലില്‍ ഒരു ഹോസ്റ്റല്‍ കെട്ടിടത്തിനു കേടുപാട് സംഭവിച്ചു. രാംനഗര്‍-റാണിഖേത് റൂട്ടിലെ ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ നൂറോളം പേര്‍ കുടുങ്ങി.
ബദ്രിനാഥ് ദേശീയപാതയ്ക്കു സമീപം റോഡില്‍ പതിച്ച പാറക്കല്ലുകള്‍ക്കുള്ളില്‍ കുടുങ്ങിയ കാറിലെ യാത്രക്കാരെ ബോര്‍ഡര്‍ റോഡ്ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഉദ്യോഗസ്ഥര്‍ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഹല്‍ദുചൗറിനും ലാല്‍കുവാനും ഇടയില്‍ ഗൗല നദിയില്‍ കുടുങ്ങിയ ആനയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആനയുടെ നീക്കം നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതിനെ കാട്ടിലേക്കു നയിക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ ഹിമാലയന്‍ ക്ഷേത്രങ്ങളിലേക്കു പോകരുതെന്ന് ചാര്‍ധാം തീര്‍ത്ഥാടകരോട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തീര്‍ഥാടകര്‍ എവിടെയാണോ ഉള്ളത് അവിടെ തങ്ങണമെന്നും സാഹചര്യം മെച്ചപ്പെടുന്നതുവരെ യാത്ര പുനരാരംഭിക്കരുതെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ആവര്‍ത്തിച്ചു.