ഡെറാഡൂൺ: സദാചാരവാദികളുടെ ഇടയിൽനിന്നും മുസ്‌ലിം യുവാവിനെ രക്ഷിച്ച സബ് ഇൻസ്‌പെക്‌ടർ ഗഗൻദീപ് സിങ് രാജ്യത്തിലെ പൊലീസുകാർക്ക് ഒരു മാതൃകയായിരുന്നു. ഉത്തരാഖണ്ഡിലെ ക്ഷേത്രത്തിനു സമീപത്തുവച്ച് പെൺസുഹൃത്തുമായി സംസാരിച്ചുവെന്ന പേരിലാണ് ഇർഫാൻ എന്ന മുസ്‌ലിം യുവാവിനുനേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽനിന്നും ഗഗൻദീപ് യുവാവിനെ രക്ഷിക്കുകയായിരുന്നു. ഗഗൻദീപിന്റെ ധീരോചിതമായ പ്രവൃത്തി നിരവധി പേരുടെ പ്രശംസയും അദ്ദേഹത്തിന് നേടിക്കൊടുത്തു.

രാജ്യത്തിലെ മറ്റു പൊലീസുകാർക്ക് വീണ്ടും മാതൃകയാവുകയാണ് ഉത്തരാഖണ്ഡ് പൊലീസ്. ഇത്തവണ സബ് ഇൻസ്‌പെക്‌ടർ ലോകേന്ദ്ര ബാഗുഗുണയാണ് ഹീറോ. വൃദ്ധന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തെ ചുമലിലേറ്റി രണ്ടു കിലോമീറ്ററാണ് ലോകേന്ദ്ര നടന്നത്.

വൈഷ്ണവോ ദേവി ക്ഷേത്രത്തിലേക്കുളള തീർത്ഥാടനപാതയിലെ ട്രാഫിക് ഡ്യൂട്ടിക്കായുളള ടീമിലെ അംഗമായിരുന്നു ലോകേന്ദ്ര. ഇതിനിടയിലാണ് മധ്യപ്രദേശിൽനിന്നുളള തീർത്ഥാടകനായ രാഞ്ജി രാജക് നെഞ്ചുവേദനയെ തുടർന്ന് പെട്ടെന്ന് വീണത്. ലോകേന്ദ്ര ഇയാളെ കുതിരപ്പുറത്ത് കയറ്റാൻ ശ്രമിച്ചെങ്കിലും വേദന കാരണം അയാൾക്ക് അതിനായില്ല. ഒടുവിൽ ലോകേന്ദ്ര വൃദ്ധനെ തന്റെ ചുമലിലേറ്റി രണ്ടു കിലോമീറ്റർ അകലെയുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

വൃദ്ധനെ ചുമലിലേറ്റി ലോകേന്ദ്ര നടന്നുനീങ്ങുന്ന ചിത്രം ഉത്തരാഖണ്ഡ് പൊലീസ് അവരുടെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്‌തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ