ഡഹറാഡൂണ്‍ : “സര്‍ക്കാര്‍ എന്‍റെ ജീവിതം തകര്‍ത്തിരുന്നു. നോട്ടുനിരോധനവും ചരക്കുസേവന നികുതിയും കാരണം കടംകയറി മുടിഞ്ഞിരിക്കുകയാണ് ഞാന്‍” ഇത്രയും പറഞ്ഞുകൊണ്ട് വിഷം കുടിച്ച വ്യാപാരി കടന്നുചെന്നത് ജനങ്ങളുടെ പരാതി കേള്‍ക്കാനിരുന്ന ബിജെപി മന്ത്രിയായ സുബോധ് ഉനിയാലിരിക്കുന്ന ബിജെപി ഒഫീസിലേക്കാണ്. ഉത്തരാഖണ്ഡിലെ ഡഹറാഡൂണിലാണ് സംഭവം അരങ്ങേറുന്നത്. ഹാല്‍ദ്വനി പ്രദേശത്തുനിന്നുള്ള വ്യവസായിയാണ്‌ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളെ പഴിച്ചുകൊണ്ട് മന്ത്രി നടത്തുകയായിരുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കടന്നുചെല്ലുന്നത്. ശനിയാഴ്ച സംഭവം നടക്കുമ്പോള്‍ വ്യവസായി വിഷം കുടിച്ചിട്ടുമുണ്ടായിരുന്നു.

” കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ സര്‍ക്കാരിനെ കാണാന്‍ ശ്രമിക്കുന്നു. പക്ഷെ മുഖ്യമന്ത്രി ഉപയോഗശൂന്യനാണ് അദ്ദേഹം ആരെയും കേള്‍ക്കുന്നില്ല. എന്നെപ്പോലെ ജീവിതം തകര്‍ന്ന ധാരാളം പേരുണ്ട്. ഞാനിനി ജീവിച്ചിരിക്കില്ല. വിഷം കുടിച്ചിരിക്കുകയാണ് ഞാന്‍. അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷമായി ഗതാഗത വ്യവസായത്ത്തിലുള്ള പാണ്ടെ താന്‍ കഴിച്ചുവെന്ന് പറയുന്ന വിഷത്തിന്‍റെ പാക്കറ്റ് ഉയര്‍ത്തികാണിക്കുന്നുമുണ്ടായിരുന്നു. ആത്മഹത്യാശ്രമം വെളിപ്പെടുത്തിയതോടെ പാണ്ടെയെ അടുത്തുള്ള ഡൂണ്‍ ആശുപതിയിലേക്ക് തിരക്കിട്ട് കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

പാണ്ടെയുടെ ഉള്ളില്‍ വിഷം ചെന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ആശുപത്രി ചീഫ് മെഡിക്കല്‍ ഒഫീസര്‍ കെകെ ടംട വ്യവസായിയുടെ ആരോഗ്യാവസ്ഥ നിരീക്ഷണത്തിലാണ് എന്ന് പ്രതികരിച്ചു. പാണ്ടെയുടെ ആരോഗ്യനില അത്യന്തം ഗുരുതരമാണ് എന്നും ‘അടുത്ത ഇരുപത്തിനാല്‌ മണിക്കൂര്‍ അദ്ദേഹത്തെ സംബന്ധിച്ച് നിര്‍ണായകമാണ്’ എന്നുമാണ് പാണ്ടെയെ ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ പ്രതികരിച്ചത്.

” നോട്ടുനിരോധനവും ചരക്കുസേവന നികുതിയും കാരണമാണ് താന്‍ വിഷംകഴിച്ചത് എന്നാണ് അയാള്‍ പറഞ്ഞത്. വ്യവസായത്തില്‍ വരുന്ന നഷ്ടം ഒരു വ്യക്തിയുടെ പ്രശ്നം മാത്രമല്ല. അയാള്‍ ചെയ്തത് രാഷ്ട്രീയലാക്കോടെ ആണോ എന്ന്‍ സംശയിക്കേണ്ടതുണ്ട്.” ഉനിയല്‍ പ്രതികരിച്ചു. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോടും തന്റെ പരാതികള്‍ അറിയിച്ചുകൊണ്ട് പാണ്ടെ കത്തെഴുതിയിണ്ട്. പക്ഷെ അദ്ദേഹത്തിന് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ