ന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു കൊണ്ടുള്ള കേന്ദ്ര ഇടപെടൽ റദ്ദാക്കിയതിലെ പകവീട്ടലായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കഹാർ അദ്ധ്യക്ഷനായ കൊളീജിയത്തിന്റെ ഈ തീരുമാനത്തിൽ ജസ്റ്റിസ് ജെ.എസ്.ചെലമേശ്വർ വിയോജനക്കുറിപ്പെഴുതി.

കേരള ചീഫ് ജസ്റ്റിസ് മോഹൻ എൺ.ശാന്തന ഗൗഡർ, രാജസ്ഥാൻ ചീഫ് ജസ്റ്റിസ് നവീൻ സിൻഹ, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.അബ്ദുൽ നസീർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ഛത്തീസ്ഗഡ് ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്.

ബുധനാഴ്ച നടന്ന കൊളീജിയത്തിൽ പങ്കെടുക്കാതിരുന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജനക്കുറിപ്പ് ജസ്റ്റിസ് കെ.എം.ജോസഫിനെ ഒഴിവാക്കിയതിനെതിരായി മാത്രമുള്ളതാണെന്നാണ് വിവരം. സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെടാൻ ഏറ്റവും യോഗ്യനും സംശുദ്ധിയുമുള്ള വ്യക്തിത്വമാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റേതെന്ന് ചെലമേശ്വർ തന്റെ വിയോജനക്കുറിപ്പിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

സുപ്രീം കോടതിയിലെ എട്ട് നിയമനങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഇപ്പോൾ നിയമനം നടക്കുന്നത്. ശേഷിച്ച മൂന്ന് ഒഴിവിലേക്ക് അടുത്തയാഴ്ച വീണ്ടും കൊളീജിയം ചേരുന്നുണ്ട്. ഈ യോഗത്തിൽ ജസ്റ്റിസ് ജോസഫിന്റെ പേര് പരിഗണിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ നിശിതമായി വിമർശിച്ചാണ് അദ്ദേഹം ഉത്തരവിറക്കിയത്. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തെ സ്ഥലം മാറ്റാൻ ഉത്തരവിട്ടെങ്കിലും കേന്ദ്രം അതിന് തയ്യാറായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ