ബുലന്ദ്ഷാഹർ (ഉത്തർപ്രദേശ്): പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച ബിജെപി നേതാക്കളെ നടുറോഡിൽ കൈകാര്യം ചെയ്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ. വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന് കഴിഞ്ഞ ദിവസം ബിജെപി നേതാവിന് പിഴ ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ബിജെപി നേതാക്കൾ പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി നടുറോഡിലേക്കിറങ്ങിയത്.

സംഭവ സ്ഥലത്തെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ ശ്രേസ്ത ഠാക്കൂർ പ്രവർത്തകർക്ക് നൽകിയ നല്ല ഉഗ്രൻ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ”നിങ്ങൾ മുഖ്യമന്ത്രിയുടെ അടുത്തുപോയി വാഹനം പരിശോധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരിക. അല്ലാതെ ഞങ്ങൾക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാൻ കഴിയില്ല. രാത്രിയിൽ കുടുംബത്തെ വിട്ട് ഞങ്ങൾ ജോലിക്കു വരുന്നത് തമാശയ്ക്കല്ല, ജോലി ചെയ്യാനാണ്. നിങ്ങളെപ്പോലുളളവരാണ് നിങ്ങളുടെ പാർട്ടിക്ക് (ബിജെപി) ചീത്തപ്പേര് ഉണ്ടാക്കുന്നത്. നിങ്ങൾ ബിജെപിയുടെ ഗുണ്ടകളാണെന്ന് ജനങ്ങൾ അധികം വൈകാതെ തന്നെ പറയും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ കൂടുതൽ വകുപ്പുകൾ ചേർത്ത് അകത്തിടും”- ഇതായിരുന്നു പൊലീസ് ഉദ്യോഗസ്ഥ ബിജെപി പ്രവർത്തകരോട് പറഞ്ഞത്.

വെളളിയാഴ്ചയാണ് വേണ്ടത്ര രേഖകളില്ലാതെ യാത്ര ചെയ്തതിന് ബിജെപി പ്രവർത്തകനായ പ്രമോദ് ലോധിക്ക് പിഴ ചുമത്തിയത്. എന്നാൽ ഇയാൾ പൊലീസ് ഉദ്യോഗസ്ഥരോട് വളരെ മോശമായി പെരുമാറി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ