ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിപുലീകരിച്ചു. ഏഴ് പുതിയ മന്ത്രിമാരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
ജിതിൻ പ്രസാദ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഛത്രപാൽ സിംഗ് ഗംഗ്വാർ, പൽതു റാം, സംഗീത ബൽവന്ത്, സഞ്ജീവ് കുമാർ, ദിനേശ് ഖതിക്, ധർംവീർ സിംഗ് എന്നിവർ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ഉത്തർപ്രദേശ് മന്ത്രിസഭയുടെ അംഗബലം 60 ആയി ഉയർന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ രാജ്ഭവനിലെ ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബ്രാഹ്മണ നേതാവായ പ്രസാദ ഈ വർഷം ആദ്യം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേർന്ന നേതാവാണ്. ബ്രാഹ്മണ സമുദായത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ആശങ്ക തുടരുന്നതിനിടെയാണ് പ്രസാദയെ മന്ത്രിയാക്കിയത്.
Also Read: അഫ്ഗാൻ മണ്ണ് ഭീകരവാദം പടർത്താൻ ഉപയോഗിക്കപ്പെടരുത്: യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിസഭാ വിപുലീകരണം.മുഖ്യമന്ത്രി ആദിത്യനാഥ് തന്റെ മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് ജൂൺ ആദ്യം അഭ്യൂഹങ്ങളുയർന്നിരുന്നു.
ഫെബ്രുവരിയിലാണ് യുപി തിരഞ്ഞെടുപ്പ്. ആദിത്യനാഥിന്റെ നേതൃത്വത്തിൽ തന്നെ ബിജെപി തിരഞ്ഞെടുപ്പ് നേരിടുമെന്നാണ് സൂചന. “അധികാരത്തിൽ തിരിച്ചെത്താൻ യോഗി ആദിത്യനാഥിക്ക് കീഴിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്,” എന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.