ലക്‌നൗ: ഉത്തർ പ്രദേശിൽ ആസിഡ് ആക്രമണത്തിനിരയായ യുവതിക്ക് സമീപമിരുന്ന് സെൽഫിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ അന്വഷണത്തിനു ഉത്തരവിട്ടു. ആക്രമണത്തിനിരയായി ആശുപത്രിയിൽ കഴിയുന്ന യുവതിക്ക് സമീപമിരുന്ന് ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്ന മൂന്നു വനിതാ പൊലീസുകാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഗംഗ ഗോമതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ആസിഡ് ആക്രമണത്തിനിരയായത്. യുവതിയെ രണ്ടുപേർ ചേർന്ന് നിർബന്ധിപ്പിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. യുവതിയെ ഉടൻ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിച്ചു. അവിടെ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സെൽഫിയെടുത്ത് വിവാദത്തിലായത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചികിൽസയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ച് മടങ്ങിയ ശേഷമായിരുന്നു പൊലീസുകാരുടെ സെൽഫി.

സെൽഫിയെടുത്ത മൂന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥരും മനുഷ്യത്വമില്ലാത്തവരാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിച്ചതായും ഐജി സതീഷ് ഗണേഷ് പറഞ്ഞു. മൂന്നുപേരെയും സസ്പെൻഡ് ചെയ്തതായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, യുവതിയ ആസിഡ് കുടിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ