ലഖ്നൗ: കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ചുട്ട മറുപടി നൽകുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ ഏറെ ചർച്ചാ വിഷയമായിരുന്നു. നടുറോഡിൽ പാർട്ടി നേതാക്കളെന്ന പേരിൽ നിയമലംഘനം നടത്തി അതിനെ ന്യായീകരിച്ചവരെ എതിർത്തു കൊണ്ടുള്ള ബുലാന്ദ്ശഹർ ഡിഎസ്‌പി ശ്രേഷ്ഠ താക്കൂർ ആയിരുന്നു നവമാധ്യമങ്ങളിൽ താരമായത്. എന്നാല്‍ ഭരണകക്ഷിയുടെ ഒരു നേതാവിനെ പാഠം പഠിപ്പിച്ചതിന് ശ്രേഷ്ഠയെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റിയാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോൾ ‘കഴിവ്’ തെളിയിച്ചിരിക്കുന്നത്.

ബുലാന്ദ്ശഹറില്‍ നിന്നു ബഹ്റാക്കിലേക്കാണ് ശ്രേഷ്ഠയെ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം ശ്രേഷ്ഠയുടെ മുന്നില്‍ പതറിപ്പോയ ബിജെപി നേതാവും അദ്ദേഹത്തിനൊപ്പമുള്ള 11 എംഎല്‍എമാരും ഒരു എംപിയും കൂടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ശ്രേഷ്ഠക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ കൂടിക്കാഴ്ചക്ക് ദിവസങ്ങള്‍ക്കുള്ളിലാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Also Read: ബിജെപി നേതാക്കളെ നടുറോഡിൽ പാഠം പഠിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥ

 

കഴിഞ്ഞയാഴ്ചയായിരുന്നു സ്ഥലം മാറ്റ്ത്തിന് ആസ്പദമായ സംഭവം. ബിജെപിയുടെ ജില്ലാ നേതാവായ പ്രമോദ് ലോധിയുടെ വാഹന പരിശോധനയിൽ ആവശ്യമായ രേഖകളില്ല എന്നു തെളിഞ്ഞു. നിയമലംഘനത്തിനുള്ള പിഴ ചുമത്തിയപ്പോൾ പ്രമോദ് ലോധി പൊലീസിനോട് അപമര്യാദയായി പെരുമാറി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് സ്റ്റേഷനിലെത്തിയ പാർട്ടി പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യവുമായി മാർച്ച് ചെയ്തു. സംഭവത്തിൽ ഇടപെട്ട ശ്രേഷ്ഠാ താക്കൂർ പാർട്ടി പ്രവർത്തകർക്കുമുന്നിൽ മുട്ടു മടക്കാൻ തയ്യാറായില്ല.

തങ്ങൾ മന്ത്രിയുടെ ആളുകളാണ് ഓർമവേണം എന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കിടിലം മറുപടിയായിരുന്നു ശ്രേഷ്ഠ നേതാക്കൾക്ക് നൽകിയത്.

‘നിങ്ങൾ മുഖ്യമന്ത്രിയുടെ അടുത്തുപോയി വാഹനം പരിശോധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരിക. അല്ലാതെ ഞങ്ങൾക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാൻ കഴിയില്ല. രാത്രിയിൽ കുടുംബത്തെ വിട്ട് ഞങ്ങൾ ജോലിക്കു വരുന്നത് തമാശയ്ക്കല്ല, ജോലി ചെയ്യാനാണ്. നിങ്ങളെപ്പോലുളളവരാണ് നിങ്ങളുടെ പാർട്ടിക്ക് (ബിജെപി) ചീത്തപ്പേര് ഉണ്ടാക്കുന്നത്. നിങ്ങൾ ബിജെപിയുടെ ഗുണ്ടകളാണെന്ന് ജനങ്ങൾ അധികം വൈകാതെ തന്നെ പറയും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ കൂടുതൽ വകുപ്പുകൾ ചേർത്ത് അകത്തിടും’ ഇതായിരുന്നു പൊലീസ് ഉദ്യോഗസ്ഥ ബിജെപി പ്രവർത്തകരോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ