ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് ആറുമാസം തികയുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയത് 420 ഏറ്റുമുട്ടലുകള്‍. ഇതില്‍ പതിനഞ്ചു മരണങ്ങളും നടന്നുവെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. പോലീസ് ഡയറക്ടര്‍ ജനറല്‍ പുറത്തുവിട്ട കണക്കില്‍ ഒരു പൊലീസുകാരനും മരിച്ചതായി പറയുന്നു. ചിത്രകൂഡിലെ കൊള്ളക്കാരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു പൊലീസുകാരന്‍റെ മരണം.

മാര്‍ച്ച് 20 മുതല്‍ സെപ്റ്റംബര്‍14 വരെ നടന്ന ഏറ്റുമുട്ടലുകളിലായി എട്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു എന്നും പൊലീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. മരണപ്പെട്ടതില്‍ പത്തുപേര്‍ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെടുന്നവരാണ് എന്നും കണക്കുകള്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലുകള്‍ “കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നത്തിന്റെ’ ഭാഗമാണ് എന്നാണ് ക്രമസമാധാന ചുമതലയുള്ള പോലീസ്‌ ഐജി ഹരി രാം ശര്‍മ പറയുന്നത്. പബ്ലിക് റിലേഷൻ ഓഫീസർ രാഹുല്‍ ശ്രീവാസ്തവ ട്വിറ്ററില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് പിന്നാലെയായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

ഈ ഏറ്റുമുട്ടലുകളിലായി പൊലീസ് 1,106 പേരെ അറസ്റ്റ് ചെയ്തു എന്നും 84ഓളം പേര്‍ക്ക് പരുക്ക്പറ്റിയെന്നും ഹരിറാം ശര്‍മ പറഞ്ഞു. കുറ്റാരോപിതരായ അമ്പത്തിനാലുപേര്‍ക്ക് നേരെ ദേശീയ സുരക്ഷാ ആക്റ്റ് പ്രകാരം കേസ് എടുത്തിട്ടുണ്ട് എന്നു പറഞ്ഞ ഹരിറാം ശര്‍മ. അവര്‍ക്കെതിരെ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ തടയല്‍ നിയമം വെച്ചും കേസ് എടുത്തിട്ടുണ്ട് എന്ന്‍ അറിയിച്ചു.

ഏറ്റുമുട്ടല്‍ കൊലകളെ നിസ്സാരവത്കരിക്കുകയാണ് പൊലീസ് എന്ന ആരോപണത്തോട് “പോലീസ് എക്സിക്യൂട്ടീവിനോടും നിയമത്തോടും മാധ്യമങ്ങളോടും ജനങ്ങളോടും ഒരുപോലെ ബാധ്യതയുള്ളവരാന് എന്നും. എല്ലാ ഏറ്റുമുട്ടലുകളും മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷിക്കുന്നുണ്ട് എന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഏറ്റുമുട്ടല്‍ കൊലകളുടെ വിവരങ്ങള്‍ കൈമാറുന്നുണ്ട് ” എന്നും ഹരിറാം ശര്‍മ പറഞ്ഞു.

മാര്‍ച്ച് 19നു അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്‍റെ നേത്രുത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയമാണ് എന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ” അവര്‍ കുറ്റം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് അതുപോലെ തന്നെ തിരിച്ചും നല്‍കും” എന്നായിരുന്നു ഇതിനോട്‌ പ്രതികരിച്ചുകൊണ്ട് ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ