ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ആശുപത്രിയിൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഒൻപത് പേർക്കെതിരെ പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ രാജീവ് ദാസ്, ഭാര്യ പൂർണ്ണിമ ശുക്ല എന്നിവരുൾപ്പടെ ഒൻപത് പേർക്ക് എതിരെയാണ് 60 ലധികം കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ ഡോ.ഖഫീൽ ഖാൻ, ഓക്സിജൻ വിതരണത്തിന് ചുമതലയുണ്ടായിരുന്ന പുഷ്പ സെയിൽസ് സ്ഥാപന ഉടമ മനീഷ് ഭണ്ഡാരി എന്നിവർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശം ഉണ്ട്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം തടസപ്പെടുന്ന വിധം സർക്കാർ ഫണ്ട് തിരിമറി നടത്തിയതിനും അഴിമതിക്കുമാണ് എല്ലാവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

“ഓഡിറ്റ് വിഭാഗത്തിലെ ഉദയ് പ്രതാപ്, ക്ലർക്കുമാരായ സഞ്ജയ്, സുധീർ, ചീഫ് ഫാർമസിസ്റ്റ് ഗജാനൻ ജൈസ്‌വാൾ, അനസ്തീഷ്യ വിഭാഗത്തിൻ്റെയും ഓക്സിജൻ വിതരണ വിഭാഗത്തിൻ്റെയും ചുമതലയുണ്ടായിരുന്ന ഡോ.സതീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാവരും മെഡിക്കൽ കോളേജിലെ ജീവനക്കാരായിരുന്നു”, പൊലീസ് ഓഫീസർ വ്യക്തമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അന്വേഷണ കമ്മിഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. 420(ഉൽപ്പന്നങ്ങൾ സമയത്തിന് ലഭ്യമാക്കുന്നതിൽ മനപ്പൂർവ്വം താമസം വരുത്തുക), 409 (സർക്കാർ ജീവനക്കാരുടെ വിശ്വാസവഞ്ചന), 120 B (കുറ്റകരമായ ഗൂഢാലോചന) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ 7/13 വകുപ്പും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചട്ടം 15 ഉം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

വസ്തുതകൾ മറച്ചുവെച്ച് മെഡിക്കൽ കോളേജിനെതിരെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി ഡോ.ഖഫീൽ ഖാനെതിരെ ക്രിമിനൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അഴിമതിക്ക് നിയമനടപടികൾ നേരിടുന്നതിന് പുറമേ എല്ലാ ആശുപത്രി ജീവനക്കാരെയും സർവ്വീസിൽ നിന്ന് നീക്കാനും അന്വേഷണ കമ്മിഷൻ ശിപാർശ ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook