ലക്നൗ: ഉത്തർപ്രദേശിൽ വിദേശ വിനോദ സഞ്ചാരികൾ ആക്രമണത്തിന് ഇരയാക്കപ്പെടുന്നത് തുടർക്കഥയാവുകയാണ്. പുതിയ സംഭവത്തിൽ വാരണാസിയിൽ ജപ്പാനിൽ നിന്നുള്ള വിനോദ സഞ്ചാരി മോഷണത്തിന് ഇരയായി. മയക്കുമരുന്ന് നൽകിയ ശേഷം 34 കാരനായ അകിരോ തനകയെ കൊള്ളയടിക്കുകയായിരുന്നു. ടൂറിസ്റ്റ് ഗൈഡ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് തനകയെ കൊള്ളയടിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ആഗ്രയിൽ നിന്നും വാരണാസിയിലേക്കു തനകാ ബസിൽ എത്തിയത്. സാരാനാഥിലുള്ള ബുദ്ധ ക്ഷേത്രം സന്ദർശിക്കുന്നതിന് പുറപ്പെടുമ്പോഴാണ് ഗൈഡ് എന്ന് പരിചയപ്പെടുത്തിയ ആൾ ഇദ്ദേഹത്തെ വലയിലാക്കിയത്. ബുദ്ധ ക്ഷേത്രം സന്ദർശിച്ചതിനു ശേഷം ഇരുവരും വാരണാസി ഘട്ട് സന്ദർശിക്കുന്നതിനായി പോയി.
ഇവിടെ വച്ച് തനകയ്ക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധം കെടുത്തിയ ശേഷമാണ് മോഷണം നടത്തിയത്. ബാഗിൽ പണവും, വിസയും, പാസ്സ്പോർട്ടും, എടിഎം കാർഡും ഉണ്ടായിരുന്നതായി തനക പോലീസിനോട് പറഞ്ഞു. മോഷ്ടാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് വാരണാസി പൊലീസ്.
ഉത്തർപ്രദേശിൽ വിദേശ വിനോദ സഞ്ചാരികൾക്കെതിരെയുള്ള അക്രമം തുടർക്കഥയാവുകയാണ്. ഒക്ടോബറിൽ ആഗ്രയിൽ വച്ച് സ്വിസ് ദമ്പതികളെ ഒരു സംഘം ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. ആഗ്രയിൽ വച്ച് തന്നെയാണ് വിദേശ വനിതാ ഒരു ഹോട്ടലിൽ പീഡനത്തിന് ഇരയായത്.