ന്യൂഡല്‍ഹി : ജനുവരി ആദ്യവാരമാണ് ഉത്തര്‍പ്രദേശിലെ നിയമനിര്‍മ്മാണ സഭയ്ക്ക് എതിര്‍വശമായുള്ള ഹജ് കമ്മറ്റി ഓഫീസിന്‍റെ മതിലുകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഹജ് കമ്മറ്റി ഒഫീസിന്‍റെ മതിലുകള്‍ക്ക് കാവി പെയിന്‍റ് നല്‍കിയതായിരുന്നു സംഭവം. ഹജ് കമ്മറ്റി ഓഫീസിന് കാവിയടിച്ച സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ രാഷ്ട്രീയവിവാദങ്ങള്‍ സജീവമാകുകയും തുടര്‍ന്ന് ഹജ് കമ്മറ്റി മതിലിന്‍റെ പെയിന്‍റ് മാറ്റിയടിക്കുകയും ചെയ്തു. ഇപ്പോള്‍ രണ്ടാമത് പെയിന്‍റ് ചെയ്തതിന്‍റെ വിശദീകരണം തേടി ഹജ് കമ്മറ്റിയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
വഖഫ് ബോര്‍ഡിന്‍റെയും ഹജ്ജിന്‍റെയും ചുമതലയുള്ള മന്ത്രി മൊഹ്സിന്‍ റാസയാണ് സംഭവത്തില്‍ വിശദീകരണം ആരായാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
” ഉത്തര്‍പ്രദേശ് ഹജ് കമ്മറ്റി സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് ഹജ് കമ്മറ്റിയുടെ മതിലിന് കാവി പെയിന്‍റടിക്കുന്നത്. പെയിന്‍റടിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ മതിലിന് മാറ്റി പെയിന്‍റടിച്ചതിന്‍റെ സാഹചര്യം എന്താണെന്ന് വിശദീകരിക്കണം ” ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
” മതിലിലിലെ കാവി പെയിന്റിന്‍റെ മുകളില്‍ മറ്റൊരു നിറം കൊടുത്തതിനെപ്പറ്റി മാധ്യമങ്ങളില്‍ നിന്നും ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ആ തീരുമാനത്തില്‍ വിശദീകരണം ആരാഞ്ഞുകൊണ്ട് ഹജ് കമ്മറ്റി സെക്രട്ടറിയ്ക്ക് കത്തെഴുതിയിട്ടുണ്ട്.” മന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു.
ആദ്യ തവണ പെയിന്റ് അടിച്ചത് ആരുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു എന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിശദീകരണത്തില്‍ ആരായുന്നുണ്ട്.
രണ്ടാമത് പെയിന്‍റ് അടിച്ചതിന്റെ ചെലവ് ആര് വഹിച്ചു, അതിന് ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ എന്നൊക്കെയാണ് മന്ത്രാലയത്തിന്‍റെ മറ്റ് ചോദ്യങ്ങള്‍.