ലക്നൗ: ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് സഹായ വിതരണത്തിന് എത്തിയ മന്ത്രി ദലിത് കര്‍ഷകനോട് ചെയ്ത കൊടും ദ്രോഹം ചർച്ചയാകുന്നു. പശുത്തൊഴുത്ത് ഉദ്ഘാടനത്തിന് വേദിയിൽ വേഗമെത്താൻ കൃഷി പാടത്തിലൂടെ വാഹനമോടിച്ചാണ് ഉത്തര്‍ പ്രദേശിലെ ജയില്‍ വകുപ്പ് മന്ത്രിയായ ജയ് കുമാര്‍ സിങ്ങും പരിവാരങ്ങളും പോയത്. നിരവധി വാഹനങ്ങളിലെത്തിയ മന്ത്രിയുടെ സംഘം ദലിത് കര്‍ഷകന്റെ കടുക് പാടത്തുകൂടി ദയാരഹിതമായി കയറിയിറങ്ങുകയായിരുന്നു.
റോഡിലൂടെ സഞ്ചരിച്ച മന്ത്രിയുടെ വാഹനം ഉദ്ഘാടനവേദിക്ക് കുറച്ച് അകലെ നിന്നും പാടത്തിലേക്ക് ഇറക്കുന്നതും പിന്നീട് പാടത്തിലൂടെ വാഹനം ഓടിക്കുന്നതും പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ പെട്ടെന്ന് ഉദ്ഘാടനസ്ഥലത്ത് എത്തേണ്ടതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും കൃഷി ഉണ്ടെന്ന് ശ്രദ്ധിച്ചില്ലെന്നും മന്ത്രി പറയുന്നു.
ദേവേന്ദ്ര ദോഹ്റ എന്ന കര്ഷകന് തന്റെ കൃഷി മുഴുവന്‍ നശിച്ചുപോയതുകണ്ട് ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയുടെ കാലില്‍ വീഴുകയും ലോണ്‍ എടുത്താണ് കൃഷി ചെയ്തത് എന്നും പറയുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ വെട്ടിലായ മന്ത്രി 4,000 രൂപ കര്ഷകന് നഷ്ട പരിഹാരം നല്‍കുകയും ചെയ്തു. ഇതോടെ മന്ത്രി നഷ്ടപരിഹാരമായി 4000 രൂപ പ്രഖ്യാപിക്കുകയും പണം കര്‍ഷകന്റെ കീശയില്‍ വച്ച് തടി തപ്പുകയും ചെയ്തു.