ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഒബിസി നേതാക്കള്‍ പാര്‍ട്ടിവിട്ടതില്‍ അപകടം മണത്ത ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക അപ്നാ ദള്‍, നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആംദള്‍ (നിഷാദ്) പാര്‍ട്ടികളുമായി ചേര്‍ന്ന്. പിന്നാക്ക സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഈ രണ്ടു കക്ഷികളും.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒബിസി, ദലിത് വിഭാഗങ്ങളുടെ വിപുലമായ പിന്തുണ ലഭിച്ചിട്ടും ഈ വിഭാഗങ്ങള്‍ക്കുവേണ്ടി ബിജെപി ഒന്നും ചെയ്തില്ലെന്ന പ്രചാരണത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു പുതിയ സഖ്യം.
സര്‍ക്കാര്‍ ഒബിസി വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഈ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്നു മന്ത്രിമാരും ദുര്‍ബല സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന 11 എംഎല്‍എമാരും അടുത്തിടെ ബിജെപി വിട്ടിരുന്നു. ബിജെപി, പിന്നാക്ക വിഭാഗങ്ങളുടെ ശത്രുവാണെന്ന് 2017ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) നേതാവ് ഒപി രാജ്ഭര്‍ ആരോപിച്ചിരുന്നു.
ഈ ബി.ജെ.പിക്കു തിരിച്ചടി നല്‍കുക മാത്രമല്ല, യാദവ ഇതര ഒബിസി അടിത്തറ വിപുലീകരിക്കാനുള്ള സമാജ്വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സഹായിക്കുകയും ചെയ്തതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സഖ്യം രൂപീകരിച്ചിരിക്കുന്നത്.
403 സീറ്റുകളിലും സഖ്യം മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. അപ്നാദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍, നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് എന്നിവരും നദ്ദയ്ക്കൊപ്പമുണ്ടായിരുന്നു. അതേസമയം, സീറ്റ് വിഭജന ഫോര്‍മുല സംബന്ധിച്ച് നേതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഖ്യകക്ഷികളുമായി ബിജെപി വിശദമായി ചര്‍ച്ചകള്‍ നടത്തിയതായി നദ്ദ പറഞ്ഞു. ഇന്ന് ഉള്‍പ്പെടെ അപ്നാദള്‍, നിഷാദ് പാര്‍ട്ടി നേതാക്കളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി.
Also Read: മരുമകനെതിരായ ഇഡി നടപടി ഗൂഢാലോചന, മന്ത്രിമാര്‍ക്കും ഭീഷണി: പഞ്ചാബ് മുഖ്യമന്ത്രി ചന്നി
”അഞ്ച് വര്‍ഷത്തിനിടയില്‍, യുപി എല്ലാ മേഖലകളിലും എല്ലാ സാമൂഹിക സൂചകങ്ങളിലും കുതിച്ചുചാടി. വികസനം, സാമൂഹിക നീതി, ക്രമസമാധാനം എന്നിവയാണ് ബിജെപിയുടെ ഇരട്ട എഞ്ചിന് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍,” നദ്ദ പറഞ്ഞു.
”അഞ്ച് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശില്‍ പലായനം, ഗുണ്ടായിസം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയും സര്‍ക്കാര്‍ പിന്തുണയോടെ മാഫിയ ഭരണവുമാണ് ഉണ്ടായിരുന്നത്. ബിജെപി ഭരണത്തില്‍ ഈ അരാജകത്വങ്ങളെല്ലാം അവസാനിച്ചു. ഇന്ന് ഉത്തര്‍പ്രദേശില്‍ നിയമവാഴ്ചയുണ്ട്,” നദ്ദ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ധര്‍മേന്ദ്ര പ്രധാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സാമൂഹ്യനീതിക്കും വികസനത്തിനുമായി ബിജെപി സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അനുപ്രിയ പട്ടേല്‍ പ്രശംസിച്ചു.
പിന്നാക്ക സമുദായങ്ങളുടെ പ്രതിനിധികളും മിശിഹകളുമാണെന്ന് അവകാശപ്പെടുന്ന യുപിയിലെ മുന്‍ സര്‍ക്കാരുകള്‍ ‘ദലിതരെയുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിന് അധരസേവനം മാത്രമാണു അനുപ്രിയ പട്ടേല്‍ വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ടയില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന് മോദി സര്‍ക്കാരിനെ അവര്‍ അഭിനന്ദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നത് ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്ന് സഞ്ജയ് നിഷാദ് അവകാശപ്പെട്ടു.