ഫത്തേഹ്പൂർ: മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ ഒരു സർക്കാരും ജനങ്ങളെ വേർതിരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റംസാന് വൈദ്യുതി  ഉണ്ടെങ്കിൽ ദീപാവലിക്കും വൈദ്യുതി ലഭ്യമാക്കണം അതിൽ വിവേചനം പാടില്ല. എല്ലാവർക്കൊപ്പം എല്ലാവർക്കും വികസനം എന്നതാണ് ബിജെപി സർക്കാരിന്റെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിലെ സമാജ്‌വാദി-കോൺഗ്രസ് സഖ്യത്തെയു മോദി പരിഹസിച്ചു. തോൽക്കുമെന്ന ഭയംകൊണ്ടാണ് ഭരണപക്ഷ പാർട്ടി സഖ്യമുണ്ടാക്കിയത്. രാജ്യത്തെ കൊള്ളയടിച്ച പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ സമാജ്‌വാദി പാർട്ടി അവരുടെ സൈദ്ധാന്തികനായ റാം മനോഹർ ലോഹിയയെ അപമാനിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ജനവിധി തങ്ങൾക്ക് അനുകൂലമായിരിക്കില്ലെന്ന് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർ മനസ്സിലാക്കുമെന്നും കോൺഗ്രസിനെ പരാമർശിച്ച് മോദി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും സമാജ്‌വാദി പാർട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് മോദി പറഞ്ഞു. യുപിയിൽ എല്ലായിടത്തും ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത്. പൊലീസ് സ്റ്റേഷനുകൾ സമാജ്‌വാദി പാർട്ടി ഓഫിസുകളായി മാറി. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന സർക്കാരിനെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം യുപി ജനതയോട് അഭ്യർഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ