ലഖ്‌നൗ: ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഉത്തർപ്രദേശ് ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് ഒരുപടി കൂടി അടുക്കുന്നു. ഗോരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് മുഴങ്ങി കേള്‍ക്കുകയാണ്. “യോഗിയും മോദിയും തിരിച്ചു വരണം, ഹിന്ദുമതം സംരക്ഷിക്കപ്പെടണം, സര്‍വം യോഗിയായിരിക്കും,” എന്നൊക്കെയാണ് വിളംബരം.
കഴിഞ്ഞ തവണ മോദി ഇഫക്ടായിരുന്നു ഉത്തര്‍ പ്രദേശിലെങ്കില്‍ ഇത്തവണ യോഗി ആധിപത്യമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിന്ദുമത സംരക്ഷകനായാണ് യോഗി സ്വയം വിശേഷിപ്പിക്കുന്നത്. മോദിക്കും യോഗിക്കും പുറമെ ഗൊരഖ്പൂരില്‍ ഉയര്‍ന്നു കേട്ട മറ്റൊരു പേര് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെയായിരുന്നു.
എന്തുകൊണ്ട് മുന്‍ യുപി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനും പ്രാധാന്യമുണ്ടായെന്നത് വായിച്ചെടുക്കാന്‍ ഒരുപാട് തലപുകയേണ്ട കാര്യമില്ല. താക്കൂര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളാണ് രാജ്നാഥ് സിങ്. ബിജെപിയുടെ പക്കലെ പ്രധാന ആയുധങ്ങളില്‍ ജാതി ഒരു നിര്‍ണായക ഘടകമാണല്ലോ.
യോഗിയുടെ പ്രചാരണത്തിനു പിന്നാലെ വാരണാസിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലും യോഗം നടന്നു. അഖിലേഷ് യാദവിനൊപ്പം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമുണ്ടായിരുന്നു.
ഹിന്ദിയില്‍ അഗ്രഗണ്യയല്ലെങ്കിലും മോദിയെ വിമര്‍ശിക്കാനുള്ള പൊടിക്കൈകള്‍ മമതയുടെ പക്കലുണ്ടായിരുന്നു. മമതയുടെ സാന്നിധ്യം ഒരു പ്രതീകാത്മക ശക്തികൂടിയായിരുന്നു. കാരണം ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മമതക്ക് കഴിഞ്ഞിരുന്നു. അത് യുപിയിലും ആവര്‍ത്തിക്കുമെന്നും അവര്‍ പറയുന്നു.
എന്നിരുന്നാലും 2012-17 കാലഘട്ടത്തില്‍ സംസ്ഥാനം ഭരിച്ചിട്ടും അഖിലേഷ് യാദവ് വളര്‍ച്ചയുടെ ഘട്ടത്തില്‍ തന്നെയാണെന്നാണ് വിലയിരുത്തുന്നത്. ഒരു വലിയ നേതാവായി പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല.
യുപിയില്‍ നടന്ന പല രാഷ്ട്രീയ സംഭവവികാസങ്ങളിലും അഖിലേഷ് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. യാദവ-മുസ്ലിം വിഭാഗങ്ങള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍, പ്രദേശിക തലവന്മാര്‍ക്ക് നിര്‍ണായക സ്ഥാനം എന്നിങ്ങനെ നീളുന്നു ഓരോന്നും.
അഖിലേഷിന്റെ സ്വന്തം ലോക്സഭാ മണ്ഡലത്തിലും പഴയ പാർട്ടി കോട്ടയായ അസംഗഢിലുമെല്ലാം മുസ്ലിം-യാദവ ഫോര്‍മുല തന്നെയാണ് ആശ്രയിച്ചിരിക്കുന്നത്. അസംഗഢിൽ അഖിലേഷിന്റെ ദീർഘകാല അസാന്നിധ്യത്തിൽ നീരസമുണ്ട്, എംപിയെ കാണാനില്ല എന്ന് പോസ്റ്ററുകള്‍ പോലും ഉയര്‍ന്നിരുന്നു. എന്നിരുന്നാലും മുസ്ലിം-യാദവ ഫോര്‍മുല വിജയിക്കുമെന്നും എസ്പി മികച്ച വിജയം നേടുമെന്നുമാണ് ഭൂരിഭാഗവും പറയുന്നത്.
കഴിഞ്ഞ തവണ പോലെയല്ല ഇത്തവണ കാര്യങ്ങളെന്നാണ് പ്രദേശിക തലത്തിലെ വിവരങ്ങള്‍. ബിജെപി സര്‍ക്കാരിന് എതിരെ വോട്ട് ചെയ്യാനുള്ള കാരണങ്ങള്‍ ഉണ്ടെന്നും പലരും പറയുന്നു. ഒരു വശത്ത് സൗജന്യ റേഷന്‍ നല്‍കുമ്പോള്‍ മറുവശത്ത് കൂടി വിലവര്‍ധനവും നടക്കുന്നെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. യാദവ ആധിപത്യത്തിനോട് നീരസമുള്ള വിഭാഗങ്ങളുടെ വോട്ടുകൂടി സമ്പാദിക്കാനുള്ള ലക്ഷ്യം എസ്പിക്ക് ഇത്തവണ ഉണ്ടായിരുന്നു.
പിന്നാക്ക വിഭാഗത്തിലുള്ളവരെ ഒഴിവാക്കാതെ കൂടുതല്‍ പ്രാതിനിധ്യം നല്‍കി ഉള്‍പ്പെടുത്താനാണ് ശ്രമിച്ചിരിക്കുന്നതെന്ന് ഗോപാല്‍പൂരിലെ എസ്പിയുടെ എംഎല്‍എ നഫീസ് അഹമ്മദ് പറയുന്നു. എസ്പിയുടെ സ്ഥാനാര്‍ഥികളിലെ പിന്നാക്ക വിഭാഗത്തിലുള്ളവരുടെ സാന്നിധ്യവും അപ്നാ ദള്ളുമായും ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പിയുമായുള്ള കൂട്ടുകെട്ടെല്ലാം ഇതിന് ഉദാഹരണമാണ്.
പക്ഷെ എസ്ബിഎസ്പിയുടെ കാര്യത്തില്‍ രാജ്ഭര്‍ വിഭാഗക്കാര്‍ക്ക് പോലും ആത്മവിശ്വാസമില്ലെ. ഇത്തവണ എസ്പിക്കൊപ്പമാണെങ്കില്‍ അടുത്ത തവണ ബിജെപിക്കൊപ്പമായിരിക്കുമെന്നാണ് പ്രസ്തുത വിഭാഗത്തിലുള്ളവര്‍ പറയുന്നത്.