ലക്നൗ: എക്സിറ്റ്പോളുകളെ കവച്ചു വച്ച മുന്നേറ്റവുമായി ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബി​.ജെ.പി അധികാരം പിടിച്ചു. അതേസമയം, ‘എല്ലാ തിരഞ്ഞെടുപ്പുകളുടേയും അമ്മ’ എന്ന് വിളിപ്പേരുള്ള ഉത്തര്‍പ്രദേശ് നിയസമഭാ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാർട്ടി -കോൺഗ്രസ് സഖ്യത്തിന് പച്ചതൊടാനായില്ല. 403 അംഗ നിയമസഭയിൽ 300 സീറ്റ് നേടി, നാലിൽ മൂന്ന് ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി അധികാരം പിടിച്ചത്.

എസ്പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ കനത്ത പരാജയത്തിന് എന്താണ് കാരണമായതെന്ന ചോദ്യത്തിന് ട്വിറ്ററില്‍ ഉത്തരങ്ങള്‍ നിറയുകയാണ്. സമാജ്‍വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് ചിലര്‍ പറയുമ്പോള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പരാജയത്തിന് കാരണമെന്നും ചിലര്‍ പരിഹസിക്കുന്നു.

കോണ്‍ഗ്രസുമായി സഖ്യം ഇല്ലാതിരുന്നുവെങ്കില്‍ സമാദ്‍വാദി പാര്‍ട്ടിക്ക് ഇതിലും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമായിരുന്നെന്നും അഭിപ്രായം ഉയര്‍ന്നു.

2012ലെ തിരഞ്ഞെടുപ്പിൽ 47 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് യു.പിയിൽ നേടാനായത്. അച്ഛനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവുമായി പിണങ്ങിയ ശേഷം പിന്നീട് ഇണങ്ങി തിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 57 സീറ്റ് മാത്രമെ നേടാനായുള്ളു.

ബി.ജെ.പിയെ തറപറ്റിക്കാൻ എസ്.പിയുമായി കൈകോർത്ത കോൺഗ്രസിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കോൺഗ്രസിന് യു.പിയിൽ ഇത്തവണ 12 സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിന് 28 സീറ്റാണ് ലഭിച്ചത്. മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിക്ക് 16 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 80 സീറ്റായിരുന്നു ബി.എസ്.പിക്ക് ലഭിച്ചത്.

ഉത്തരാഖണ്ഡിൽ 70അംഗ നിയമസഭയിൽ 53 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരം തിരിച്ചു പിടിച്ചത്. ഭരണകക്ഷിയായ കോൺഗ്രസ് 14 സീറ്റിൽ ഒതുങ്ങി. സ്വതന്ത്രർ മൂന്ന് സീറ്റ് നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ