ന്യൂഡൽഹി: ഗോവയിലും മണിപ്പൂരിലും ഭരണം പിടിക്കാനുള്ള ബിജെപി യുടെ ശ്രമങ്ങളെ വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. “ബിജെപി ജനാധിപത്യത്തിന്റെ കുഴിതോണ്ടുന്നു” എന്നാണ് അദ്ദേഹം ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. കോൺഗ്രസ് വലിയ ഒറ്റകക്ഷിയായ മണിപ്പൂരിലും ഗോവയിലും ബിജെപി ഭരണത്തിലേറുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. രണ്ടെണ്ണത്തിലാണ് ബിജെപി വിജയിച്ചത്. ശേഷിച്ച മൂന്നും വിജയിച്ചത് ഞങ്ങളാണ്. എന്നാൽ പണവും സ്വാധീനവും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ കുഴിതോണ്ടുകയാണ്. നിലവിലെ സാഹചര്യത്തിൽ ഗോവയിൽ ഭരണം നേടുക അസാധ്യമാണ്. ഗവർണർ മനോഹർ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ഷണിച്ച സാഹചര്യത്തിൽ കോൺഗ്രസ് പ്രതിപക്ഷത്ത് ആദർശത്തോടെ പ്രവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും കോൺഗ്രസ് നേരിട്ട ദയനീയ പരാജയത്തെക്കുറിച്ചും രാഹുൽ പ്രതികരിച്ചു. “ഇപ്പോൾ കോൺഗ്രസ് പ്രതിപക്ഷത്താണ്. എല്ലാവർക്കും ഉയർച്ചകളും താഴ്ചകളും ഉണ്ട്. നമ്മളത് അംഗീകരിച്ചേ മതിയാകൂ. ഉത്തർപ്രദേശിൽ ഞങ്ങൾ അൽപം താഴെയാണ്. എന്നാൽ ആശയപരമായി ബിജെപിക്കെതിരായ പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ഉറ്റുനോക്കിയ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 105 സീറ്റിലേക്കാണ് മത്സരിച്ചത്. ഇതിൽ 7 മണ്ഡലങ്ങളിലാണ് വിജയിക്കാനായത്. 325 ഇടത്താണ് ബിജെപി വിജയിച്ചത്. ഉത്തരാഖണ്ഡിൽ 70 ൽ പതിനൊന്ന് മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. 57 സീറ്റുകൾ നേടി ബിജെപി യാണ് ഇവിടെ ഭരണകക്ഷി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook