മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം. ദൈവങ്ങളെ അപമാനിച്ചു എന്നാരോപിച്ച് മൂന്നുപേര്‍ ചേര്‍ന്ന് ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. നിര്‍ബന്ധപൂര്‍വ്വം യുവാവിനെക്കൊണ്ട് ‘ജയ് മാതാ ദി’ എന്ന് വിളിപ്പിക്കുകയും ചെയ്തു.

കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ സംഭവം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തില്‍ നരവേട്ടയ്ക്ക് പൊലീസ് കേസെടുത്തു.

മുസാഫര്‍നഗര്‍ സ്വദേശിയായ 27 വയസുള്ള യുവാവാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തില്‍ കടുത്ത വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ഡിയോ അറിയിച്ചു. തങ്ങള്‍ ഇരയോടും വീട്ടുകാരോടും സംസാരിക്കുകയാണെന്നും പരിസരത്തെ ഗുജ്ജര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നാലു പേരാണ് കുറ്റാരോപിതരെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതക ശ്രമം, മനപൂര്‍വ്വം വിദ്വേഷം പടര്‍ത്താനുള്ള ശ്രമം, മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമം, അപമാനശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വീഡിയോയിലെ ദൃശ്യങ്ങളാണ് തെളിവായി പരിഗണിക്കുന്നത്. കറുത്തനിറത്തിലുള്ള ഹെല്‍മെറ്റ് ധരിച്ച യുവാവിനെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. മൂന്നു പേരാണ് മര്‍ദ്ദിക്കുന്നത്. നാലാമന്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. മര്‍ദ്ദനത്തിനിടയില്‍ യുവാവിനോട് ‘ജയ് മാതാ ദി’ എന്നുവിളിക്കാനും ആവശ്യപ്പെടുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്താനും അതിനെ വൈറലാക്കാനും ആവശ്യപ്പെട്ടതും കൂട്ടത്തിലുള്ള ആള്‍ തന്നെയാണ്. ഇതും വീഡിയോയില്‍ വ്യക്തമാണ്. ‘ഞങ്ങള്‍ നിങ്ങളുടെ അംബേദ്കറെ വിമര്‍ശിക്കുന്നില്ല, പിന്നെന്തിനാണ് ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത്’ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ