ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയർസ്‌റ്റൈൽ അനുകരിക്കാൻ ആവശ്യപ്പെട്ട മീററ്റിലെ സ്വകാര്യ സ്‌കൂൾ അധികൃതർക്കെതതിരെ പ്രതിഷേധം ശക്തമാകുന്നു. സദാര്‍ പ്രദേശത്തെ റിഷഭ് അക്കാദമി ഇംഗ്ളീഷ് മീഡിയം സ്‌കൂളാണ് വിദ്യാര്‍ഥികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. നിർദേശം അറിഞ്ഞതോടെ മാതാപിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. ഇവരെ പൊലീസ് എത്തിയാണ് ശാന്തരാക്കിയത്.

മുഖ്യമന്ത്രിയുടെ മാതൃകയില്‍ ഹെയര്‍സ്‌റ്റൈലുമായിട്ടല്ലാതെ വരുന്ന കുട്ടികളെ ക്ലാസില്‍ കയറ്റില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു സ്കൂളിൽ മാംസാഹാരം കൊണ്ടുവരുന്നതിനും വിലക്കുണ്ടെന്നും ചോറ്റുപാത്രത്തിൽ മാംസാഹാരം കണ്ടെത്തിയാൽ കർശനമായ നടപടികളുണ്ടാവാറുണ്ടെന്നും സ്കൂളിലെ വിദ്യാർത്ഥികൾ പറയുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിക്കുകയായിരുന്നു. മാതാപിതാക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

എന്നാൽ ഈ ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു. കുട്ടികളിൽ അച്ചടക്കം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മുടി വെട്ടാൻ നിർദേശിച്ചത്. എന്നാൽ ഞങ്ങളുടെ ആവശ്യമെന്തെന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ സാധിച്ചില്ല. സ്‌കൂൾ ജെയ്ൻ ട്രസിറ്റിന് കീഴിലുളളതായതിനാൽ മാംസാഹാരം അനുവദിക്കാറില്ലെന്നും മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി രൻജീത് ജെയ്‌ൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook