ലഖ്‌നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ ചൊല്ലി പാർട്ടി എംഎൽഎമാർ രണ്ട് തട്ടിലായതിനെ തുടർന്ന് ദേശീയ നേതാക്കളുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. മനോജ് സിൻഹയും കേശവ പ്രസാദ് മൗര്യയുമാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലേക്ക് അവകാശം ഉന്നയിച്ചത്.

ഇരുവർക്കും എത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. അതേസമയം, പാർട്ടിയിലെ ഭിന്നത തെരുവിലേക്ക് എത്തിയതോടെ വൻവിജയത്തിന്റെ നിറം ആദ്യമേ തന്നെ മങ്ങുമെന്ന സംശയത്തിലാണ് ബിജെപി ദേശീയ നേതൃത്വം. അതിനിടെ മനോജ് സിൻഹയെ മുഖ്യമന്ത്രിയായി നിശ്ചയിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന് സാധ്യതയില്ലെന്നും രാജ്നാഥ് സിങ് മുഖ്യമന്ത്രിയായേക്കുമെന്നും വാർത്തകളുണ്ട്.

അതേസമയം, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പാർട്ടി എംഎൽഎമാർ ഇന്ന് വൈകിട്ട് യോഗം ചേരും. ഇതിൽ ഒത്തുതീർപ്പ് ഫോർമുല ഉണ്ടാകുമെന്നാണ് വിവരം. രാജ്നാഥ് സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരികയാണെങ്കിൽ കേശവ പ്രസാദ് മൗര്യയും മനോജ് സിൻഹയും ഉപമുഖ്യമന്ത്രിമാരാകും.

ഗോരഖ്‌പൂറിൽ നിന്നുള്ള എംപി യോഗി ആദിത്യനാഥാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്ന് വന്ന മറ്റൊരു പേര്. എന്നാൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമേ മുഖ്യമന്ത്രി ആരെന്ന് അറിയൂ എന്നാണ് ഇപ്പോൾ ബിജെപി സംസ്ഥാന ഘടകത്തിന്റെ സംസാരം.

സംസ്ഥാനത്തെ ഏറ്റവും സത്യസന്ധനായ നേതാവെന്നാണ് മനോജ് സിൻഹയ്ക്ക് ഇപ്പോഴുള്ള മേന്മ. ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ ഇദ്ദേഹം രാജ്യത്തെ ഏഴാമത്തെ സത്യസന്ധനായ രാഷ്ട്രീയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിൻഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് ബിഹാറിലും പാർട്ടിക്ക് വലിയ ഗുണം നൽകുമെന്ന വിലയിരുത്തലുണ്ട്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് മനോജ് സിൻഹയെ നിശ്ചയിച്ചതിനാലാണ് കേശവ പ്രസാദ് മൗര്യയെ അമിത് ഷാ ഡൽഹിയിലെ വസതിയിലേക്ക് വിളിപ്പിച്ചതെന്നാണ് വിവരം. മനോജ് സിൻഹ മുഖ്യമന്ത്രിയാവുകയാണെങ്കിൽ ഇദ്ദേഹത്തിന് കേന്ദ്ര മന്ത്രിസഭയിൽ ഇടം നൽകിയേക്കും. ഈ ഫോർമുല ഫലം കണ്ടില്ലെങ്കിൽ രാജ്നാഥ് സിങ്ങിനെ മുഖ്യമന്ത്രിയാക്കി പകരം ഇരുവരെയും ഉപമുഖ്യമന്ത്രിമാരാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ