ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റെന്ന് സംശയിക്കുന്നയാളെ ഉത്തര്‍പ്രദേശ് ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. സൈനിക താവളങ്ങളെ കുറിച്ചും പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിച്ച ഇയാള്‍ നിരന്തരമായി പാകിസ്താന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടതായി എടിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അഫ്താബ് അലി എന്നയാളെയാണ് എടിഎസ് ഫൈസാബാദില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് സഹായം നല്‍കിയ മറ്റ് ചിലരും വൈകാതെ പിടിയിലാകുമെന്നാണ് സൂചന. ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അസ്സെം അരുണ്‍ എന്നയാളേയും സ്ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക് ചാര സംഘടന പരിശീലനം നല്‍കിയ ഭീകരവാദികള്‍ ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയേക്കാമെന്ന് സംസ്ഥാന പൊലീസ് വകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അയോധ്യ, വാരാണസി, വൃന്ദാവന്‍, ആഗ്രയിലെ താജ്മഹല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അയോധ്യ, കാശി, മധുര തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു.