ലക്‌നൗ: ഉത്തർപ്രദേശിലെ ആറാം ഘട്ട തിരഞ്ഞടുപ്പിൽ ജനവിധി തേടുന്നവരിൽ 160 പേർ കോടിപതികളെന്ന് റിപ്പോർട്ട്. 126 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും യുപി ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റീഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആകെയുളള 635 സ്ഥാനാർഥികളിൽ 60 പേർ വനിതകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കോടിപതികളായ 160 സ്ഥാനാർഥികളിൽ ബിഎസ്‌പി, ബിജെപി, എസ്‌പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലെ സ്ഥാനാർഥികളുമുണ്ട്. ബിഎസ്‌പിയുട 49 സ്ഥാനാർഥികളിൽ 35 പേരും ബിജെപിയുടെ 45 പേരിൽ 33 പേരും എസ്‌പിയുടെ 40 പേരിൽ 28 പേരും കോൺഗ്രസിന്റെ 10 പേരിൽ ആറുപേരും ആർഎൽഡിയുടെ 36 പേരിൽ എട്ടു പേരും സ്വതന്ത്ര സ്ഥാനാർഥികളായ 175 പേരിൽ 23 പേരും ഒരു കോടിക്കു മേൽ സ്വത്തിനുടമകളാണ്. സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ളത് ബിഎസ്‌പിയുടെ മൂന്നു സ്ഥാനാർഥികൾക്കാണ്. ബിഎസ്‌പി സ്ഥാനാർഥികളായ ഷാ അലാം ഉർഫ് ഗുദ്ദു ജമാലി (118 കോടി), വിനയ് ശങ്കർ (67 കോടി), ഐജാജ് അഹമ്മദ് (52 കോടി) എന്നിവരാണ് സ്ഥാനാർഥികളിലെ കോടീശ്വരന്മാരെന്നും റിപ്പോർട്ട് പറയുന്നു.

168 സ്ഥാനാർഥികൾ പാൻ കാർഡ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 635 സ്ഥാനാർഥികളിൽ 126 പേർ ക്രിമിനൽ കേസിലുൾപ്പെട്ടവരാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ 109 പേർ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം എന്നിവയിൽ ഉൾപ്പെട്ടവരാണ്. ബിജെപിയുടെ 18 സ്ഥാനാർഥികളും, ബിഎസ്‌പിയുടെ 24 പേരും, ആർഎൽഡിയുടെ 5 പേരും, എസ്‌പിയുടെ 15 പേരും, സിപിഐയുടെ നാലു പേരും, കോൺഗ്രസിന്റെ മൂന്നുപേരും, സ്വതന്ത്ര സ്ഥാനാർഥികളിൽ 22 പേരും ക്രിമിനൽ കേസിലുൾപ്പെട്ടവരാണ്.

229 സ്ഥാനാർഥികൾ അഞ്ചാം ക്ലാസിനും 12നും ഇടയിൽ വിദ്യാഭ്യാസം നേടിയവരാണ്. 338 പേർ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസം നേടിയവരാണ്. 38 പേർ വായിക്കാനും എഴുതാനും അറിയുന്നവരാണ്. മൂന്നു പേർ നിരക്ഷരരാണ്. 426 സ്ഥാനാർഥികൾ 25 നും 50 നും ഇടയിൽ പ്രായമുളളവരാണ്. 205 പേർ 51 നും 80 നും ഇടയിൽ പ്രായമുളളവരാണ്. നാലു സ്ഥാനാർഥികൾ വയസ്സ് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് ആറാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ