scorecardresearch

ശ്മശാന ഭൂമി പരാമർശത്തിൽ മോദിക്കെതിരെ കോൺഗ്രസ്സിന്റെ പരാതി

മതം, ജാതി, ഗോത്രം, സമുദായം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജനവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു

കൊച്ചി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയുടെ വിവാദ പരാമർശത്തിനെതിരെ പരാതിയുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുന്നു. ഉത്തർപ്രദേശിലെ സമാജ് വാദി പാർടി സർക്കാർ വിഭാഗീയ ഭരണമാണ് നയിക്കുന്നതെന്ന ആരോപണമാണ് പ്രധാനമന്ത്രി നടത്തിയത്.

“ഒരു ഗ്രാമത്തിൽ ഖബറിസ്ഥാൻ ഉണ്ടെങ്കിൽ അവിടെ ശ്മശാനവും വേണം. റംസാൻ കാലത്ത് വൈദ്യുതി ഉണ്ടെങ്കിൽ, ദീപാവലി സമയത്തും വൈദ്യുതി വേണം. ഹോളിയുടെ കാലത്ത് വൈദ്യുതി ഉണ്ടെങ്കിൽ ഈദിനും വൈദ്യുതി വേണം” എന്നായിരുന്നു മോദി പറഞ്ഞത്.

എന്നാൽ ഈ പരാമർശം ഉയർന്ന് മിനിറ്റുകൾക്കകം തന്നെ പ്രതിപക്ഷ കക്ഷികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രധാനമന്ത്രിയുടെ ‘ സാമുദായികത തന്ത്രത്തെ’ എതിർത്ത് രംഗത്ത് വന്നു. വാർത്ത ഏജൻസിയായ എഎൻഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ കോൺഗ്രസ് നേതാവ് കെ.സി. മിത്തലാണ് മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്.

മധ്യ ഉത്തർപ്രദേശിലെ 12 ജില്ലകളിൽ 69 നിയോജകമണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഫത്തേപൂരിലാണ് പ്രധാനമന്ത്രി വിവാദ പ്രസംഗം നടത്തിയത്. മതം, ജാതി, ഗോത്രം, സമുദായം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജനവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ പരാമർശത്തിലെ സാമുദായിക വേർതിരിവ് ഉയർത്തിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്.

എന്നാൽ സുപ്രീം കോടതി വിധി വന്ന് ദിവസങ്ങൾക്കകം തന്നെ ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി മുസ്ലിം മതവിഭാഗക്കാരോട് തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uttar pradesh assembly elections 2017pm narendra modis graveyard remark congress to file complaint with election commission