ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. സഹാറന്‍പുര്‍, ബിജ്നോര്‍, മൊറാദാബാദ്, സംബാല്‍, രാംപുര്‍, ബെയ്റേലി, അംറോഹ, പിലിബിത്, ഖേരി, ഷാജഹാന്‍പുര്‍, ബദാവൂന്‍ എന്നീ 11 ജില്ലകളിലായി 67 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 720 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ആകെ 2.28 കോടി വോട്ടര്‍മാരാണ്. ഇതില്‍ 1.04 കോടി സ്ത്രീ വോട്ടര്‍മാരാണ്.

ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മന്ത്രിയും പ്രമുഖ എസ്‌പി നേതാവുമായ അസം ഖാന്‍, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ, ബിജെപി നിയമസഭാകക്ഷി നേതാവ് സുരേഷ് കുമാര്‍ ഖന്ന എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.

2012ലെ തിരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ 34 സീറ്റിലും എസ്‌പിയാണ് ജയിച്ചത്. ബിഎസ്‌പിക്ക് 18, ബിജെപിക്ക് 10, മറ്റു കക്ഷികള്‍ക്ക് അഞ്ച് എന്നിങ്ങനെ എണ്ണം മണ്ഡലങ്ങളില്‍ ജയിക്കാനായി. ഏഴു ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 19, 23, 27, മാര്‍ച്ച് നാല്, എട്ട് എന്നീ തീയതികളിലാണ് അടുത്ത ഘട്ടം വോട്ടെടുപ്പുകള്‍.

നോട്ട് നിരോധനത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ് എന്ന രീതിയില്‍ ബിജെപി കടുത്ത മത്സരമാണ് നേരിടുന്നത്. ഭരണപക്ഷമായത് കൊണ്ട് തന്നെ കോണ്‍ഗ്രസിനും ഈ തിരഞ്ഞെടുപ്പ് ഒരു തീക്കളിയാണ്.

Live updates:

5: 00 pm: നാലുമണിവരെ 60 ശതമാനം പോളിങ്

3: 55 pm: മൂന്നുമണിവരെ 54.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു

3: 20 pm: രണ്ടുമണിവരെ 45 ശതമാനം പോളിങ്ങെന്ന് പിടിഐ റിപ്പോർട്ട്

2: 55 pm: ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ചെറുകിട കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്നും പ്രധാനമന്ത്രി

2: 30 pm: പാവപ്പെട്ടവർക്കും ദലിതർക്കും വേണ്ടി പ്രവർത്തിക്കുകയാണ് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനൗജിലെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു.

2:10 pm: ഒരുമണിവരെ 42.05 ശതമാനം പോളിങ്.

2:05 pm: ഉത്തർപ്രദേശിലെ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്. അംറോഹ-44.75%, ബദൗൻ- 37.03%, ബറേലി-39.06%, മൊറാദാബാദ്- 40.80%

12:40 pm: കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ മുത്തച്ഛൻ സുറിയത് ഹുസൈൻ കസ്മി ബറേലിയിൽ വോട്ട് ചെയ്യാനെത്തുന്നു.

11:43 am: രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 11 മണിവരെ 24.14 ശതമാനം വോട്ടിങ് രേഖപ്പെടുത്തി.

10:09 am: ഉറുദു കവി വസിം ബറേൽവി വോട്ട് ചെയ്തതിനുശേഷം മഷി പുരട്ടിയ വിരൽ കാണിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ സമീപം.
poet

9:50 am: കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി റാംപൂറിൽ വോട്ട് ചെയ്യാനായി ക്യൂ നിൽക്കുന്നു.
Mukhtar Abbas Naqvi

9:17 am: മൊറാദാബാദിൽ ഒൻപതു മണിവരെ 11 ശതമാനം പോളിങ് രേഖപ്പെടുത്തി.

9:12 am: റാംപൂറിൽ പോളിങ് പുരോഗമിക്കുന്നു. സമാജ്‌വാദി പാർട്ടിയുടെ മൊഹദ് അസം ഖാൻ, ബിജെപിയുടെ ശിവ് ബി.സക്സേന, ബിഎസ്‌പിയുടെ ഡോ.ടി.എ.ഖാൻ എന്നിവരാണ് ഇവിടെ മൽസരിക്കുന്നത്.

9:02 am: ബാജ്പൂറിൽ വോട്ട് ചെയ്യാനായി ക്യൂ നിൽക്കുന്ന ജനങ്ങൾ
uttar pradesh

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ