ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 63 ശതമാനം പോളിംഗ്. 403 അംഗ നിയമസഭയിലേക്ക് 73 സീറ്റുകളുടെ വിധിനിര്‍ണയമാണ് ഇന്നു നടന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിങ് ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയോടെ വന്‍ തിരക്കാണ് ബൂത്തുകളില്‍ കാണപ്പെട്ടത്.
വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് മഥുരയില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. ഗോവര്‍ധനില്‍ ഒരു ബൂത്തിലും ബഗപഥിലെ രണ്ടു ബൂത്തുകളിലുമാണ് വോട്ടിങ് തടസ്സപ്പെട്ടത്.
വോട്ടെടുപ്പ് നടക്കുന്ന 73 മണ്ഡലങ്ങളില്‍ നിലവില്‍ കക്ഷി നിലയനുസരിച്ച് എസ്പിക്കും ബിഎസ്പിക്കും 24 സീറ്റുകളാണുള്ളത്. ബിജെപിക്ക് 11ഉം ആര്‍എല്‍ഡിക്ക് ഒമ്പതും കോണ്‍ഗ്രസിന് അഞ്ചും സീറ്റുകളാണുള്ളത്. 77 സ്ത്രീകളുള്‍പ്പെടെ 839 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്. രണ്ടു കോടി 60 ലക്ഷത്തോളം പേര്‍ക്കാണ് വോട്ടവകാശം.
വോട്ടെടുപ്പിന്റെ ബാക്കി ഘട്ടങ്ങള്‍ ഈ മാസം 15,19,23,27, മാര്‍ച്ച് നാല്, എട്ട് എന്നീ തിയതികളിലായി നടക്കും.