/indian-express-malayalam/media/media_files/uploads/2017/03/upelections-all-1.jpg)
ലക്‌നൗ: അത്ഭുതങ്ങൾ കാട്ടുന്നവരാണ് ഉത്തർ പ്രദേശ് ജനത. 2014 ലെ തിരഞ്ഞടുപ്പിൽ ബിജെപിക്ക് ലോക്‌സഭയിൽ കേവല ഭൂരിപക്ഷം നേടിക്കൊടുത്തത് അവരാണ്. 43 ശതമാനം വോട്ടിന്റെ ബലത്തിൽ 71 സീറ്റ് ആണ് അന്ന് ബിജെപി ഉത്തർ പ്രദേശിൽ മാത്രം നേടിയത്. ബിജെപി പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു അത്. രണ്ടു വർഷം മുന്പ്, 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ട് കേവലം 15 ശതമായിരുന്നു എന്നത് ഇതോടൊപ്പം ചേർത്ത് വായിക്കണം.. ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ അത്ഭുതമാണ് 28 ശതമാനത്തോളം പോന്ന ആ "മോദിസ്വിങ്"
പാർട്ടികളെ കൊള്ളാനും തള്ളാനുമുള്ള ഉത്തർപ്രദേശ് ജനതയുടെ കഴിവ് തന്നെയാണ് രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തുന്നത്. അതുകൊണ്ടുതന്നെ, എല്ലാ തിരഞ്ഞെടുപ്പുകളിലും ഉത്തർ പ്രദേശ് പ്രവചനങ്ങളെ അട്ടിമറിച്ച് അത്ഭുതങ്ങൾ കാട്ടുന്നു.
രാഷ്ട്രീയ ബോധത്തിൽ കൊഴുപ്പടിഞ്ഞ് നിശ്ചലമാകാത്ത ജനതയ്ക്കേ ജനാധിപത്യത്തിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞു ഇത്തരം അത്ഭുതങ്ങൾ സൃഷ്ടിക്കാനും സാധിക്കൂ.
അഖിലേഷ്- രാഹുൽ സഖ്യം വിജയിക്കുമോ എന്നതിനേക്കാൾ വലിയ ചോദ്യം ഈ തിരെഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് ജനത മോദിയിൽ നിന്ന് അകലുമോ എന്നതാണ്. ബിജെപിക്കു കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കണമെങ്കിൽ 2014 ൽ അവർക്കു ലഭിച്ച വോട്ടിൽ നിന്നും 15 ശതമാനമെങ്കിലും ഒലിച്ചുപോകണം. അതുമാത്രം പോരാ ഈ വോട്ടുകൾ വിഭജിച്ചു പോവാതെ പിടിച്ചെടുക്കാൻ അഖിലേഷിനോ മായാവതിക്കോ സാധിക്കുകയും വേണം. ത്രികോണ മത്സരം, അതുകൊണ്ടു തന്നെ ബിജെപി അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. നേരിട്ടുള്ള മത്സരങ്ങളിൽ ബിജെപി പതറുന്നത് നമ്മൾ ബിഹാറിലും, ഡൽഹിയിലും കണ്ടതാണ്.
"സൈക്കിളിനു ഒരു കൈതാങ്ങായി" അഖിലേഷ്- രാഹുൽ സഖ്യം ഉത്തർപ്രദേശിന്റെ മണ്ണിലേക്ക് വേരിറങ്ങുകയാണെങ്കിൽ അഖിലേഷിന്റെ വിജയം അനായാസമാവും. 2014 ലെ മോദി തരംഗത്തിൽ പോലും തകർന്നു പോവാത്ത 22 ശതമാനം വോട്ട് സമാജ്‌വാദി പാർട്ടിയുടെ കയ്യിലും 10 ശതമാനത്തോളം വോട്ട് കോൺഗ്രസ്സിന്റെ കയ്യിലും ഉണ്ട്. ഈ വോട്ടുകളെ സമാഹരിച്ചു പെട്ടിയിലാക്കാൻ യുവ നേതാക്കൾക്ക് സാധിച്ചാൽ, മോദി-ഷാ കൂട്ടുകെട്ടിന് ഉത്തർപ്രദേശ് ഭരിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
യുപിയിലെ വോട്ടെടുപ്പിന്റെ ചരിത്രം അറിയുന്നവർക്ക് ഇതെളുപ്പം വായിച്ചെടുക്കാം. പരമ്പരാഗതമായി 30 ശതമാനം വോട്ട് ലഭിക്കുന്നവർ കേവലഭൂരിപക്ഷത്തിന്റെ വരകടക്കുന്ന ചരിത്രമാണ് ഉത്തർപ്രദേശിന്റേത്. 2007 മായാവതിക്കു ലഭിച്ചത് 30 ശതമാനം വോട്ട് ആണ് - അന്ന് മായാവതിക്ക് 206 സീറ്റ് ലഭിച്ചു. 2012 അഖിലേഷ് മുഖ്യമന്ത്രിയാവുന്നതു 29.15 ശതമാനം വോട്ട് നേടിയാണ്.
2012 ൽ എസ്‌പിക്കും ബിഎസ്‌പി ക്കും തമ്മിലുണ്ടായിരുന്ന വോട്ട് വ്യത്യാസം കേവലം 3.24 ശതമാനം മാത്രമായിരുന്നു എങ്കിലും, 144 സീറ്റുകളുടെ അന്തരം അവർക്കിടയിലുണ്ടായിരുന്നു. 2007 ൽ മായാവതി മുഖ്യമന്ത്രിയായപ്പോൾ, അവർക്കും മുലായംസിങ് യാദവിനും ഇടയിലുണ്ടായിരുന്ന വോട്ട് വ്യത്യാസം 3.69 ആയിരുന്നു. സീറ്റിലെ വ്യത്യാസം 106 ഉം.
ഉത്തർ പ്രദേശിൽ ഈ ശതമാനക്കണക്കുകളുടെ വേര് അന്വേഷിച്ചു പോവുമ്പോൾ ചെന്നെത്തുക ജാതി, ഉപജാതി, മത സമവാക്യങ്ങളിൽ തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ മുസ്‌ലിം വോട്ടുകൾ അഖിലേഷ്- രാഹുൽ സഖ്യത്തിനനുകൂലമായി ഏകീകരണം ഉണ്ടായി. എസ്‌പിക്കൊപ്പം കോൺഗ്രസ് കൂടി ചേർന്ന് സഖ്യം നിലവിൽ വന്നപ്പോൾ, ബിജെപിയെ തടയിടാൻ അതിനാവുമെന്ന തോന്നലിൽ നിന്നാണ് ഈ വോട്ട് ഏകീകരണം നടന്നത്. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും പ്രകടമായിരുന്നു. എസ്‌പി, കോൺഗ്രസ് സഖ്യത്തിന് അനുകൂലമായ ഒരു കാറ്റ് ഉത്തർപ്രദേശിൽ രൂപപ്പെട്ട് വരുന്നുണ്ടായിരുന്നു.
ഇതാണ് ബിജെപിയെ പെട്ടന്ന് വിളറിപിടിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് ബിജെപി തങ്ങളുടെ സ്ഥിരം ആയുധമായ ഹിന്ദു വർഗീയത പുറത്തെടുക്കുന്നത്. എസ്‌പിയും ബിഎസ്‌പിയും മുസ്‌ലിം പ്രീണനമാണ് നടത്തുന്നത് എന്നതാണ്. കിഴക്കൻ ഉത്തർ പ്രദേശിൽ മുഴങ്ങിക്കേട്ട ബിജെപി മുദ്രാവാക്യം. അതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത് ഈ തിരഞ്ഞെടുപ്പിൽ ബിഎസ്‌പി നൂറോളം മുസ്‌ലിം സ്ഥാനാർത്ഥികളെ നിർത്തി എന്നതാണ്. മുസ്‌ലിം വിരുദ്ധത പലവിധത്തിൽ ആണ് ബിജെപി പുറത്തെടുത്തത്. കോൺഗ്രസ്- സമാജ് വാദി- ബിഎസ്‌പി എന്നത് KASAB (കസബ്) എന്ന പേരിന്റെ ചുരുക്കമാണെന്നും, കാൺപൂർ ട്രെയിൻ അപകടത്തിന് പിന്നിൽ ഭീകരർ ആണെന്നും മറ്റുമുള്ള പരോക്ഷ സൂചകങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ ആണ് ബിജെപി ഇപ്പോൾ നടത്തുന്നത്.
മുസ്‌ലിം സമുദായത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന ബിജെപിയാണ് നമുക്ക് ഇവിടെ കാണാനാവുക. 20 ശതമാനത്തോളം മുസ്‌ലിംകൾ ഉള്ള ഉത്തർപ്രദേശിൽ, ബിജെപി സ്ഥാനാർഥി പട്ടികയിൽ ഒരൊറ്റ മുസ്‌ലിം പോലും ഇല്ല. ഇത് ഉയർത്തി കാട്ടിയാണ് മായാവതി തന്റെ നിലപാട് വ്യക്തമാക്കുന്നത്. മായാവതി 100 ഓളം മുസ്‌ലിം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. എസ്‌പിയും ബിഎസ്‌പിയും മുസ്‌ലിം വോട്ടിൽ കണ്ണ് നട്ടു തന്നെയാണ് രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നത്.
യാദവരും, മുസ്‌ലിംകളും തങ്ങൾക്കു വോട്ടുചെയില്ല എന്ന തിരിച്ചറിവിൽ നിന്നാണ് യാദവരല്ലാത്ത ഒബിസി വിഭാഗത്തെ ഇത്തവണ ബിജെപി ഉന്നം വച്ചിട്ടുള്ളത്. ഉത്തർപ്രദേശിൽ 30 ശതമാനത്തോളം വരും ഇവരുടെ സംഖ്യ. ഇതും ഉയർന്ന ജാതിയിലെ പരമ്പരാഗത വോട്ടും കൂടി ചേർന്നാൽ ഉത്തർ പ്രദേശിൽ രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടു അധികാരം പിടിച്ചെടുക്കാൻ സാധിക്കും എന്ന കണക്കു കൂട്ടലിലാണ് മോദി -ഷാ കൂട്ടുകെട്ട് പ്രവർത്തിക്കുന്നത്.
ആദ്യ രണ്ടു ഘട്ടം തിരഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ അല്പം പതറിപ്പോയെങ്കിലും ബിജെപി ബാലൻസ് തിരിച്ചുപിടിച്ച സ്ഥിതിയിലാണ് ഇപ്പോൾ. അതിനുള്ള പ്രധാന കാരണം എസ്‌പി- കോൺഗ്രസ് സഖ്യം ഉദ്ദേശിച്ചത്ര കരുത്തു കാട്ടുന്നില്ല എന്നതാണ്. സഖ്യം കേവലം റോഡ് ഷോകളിലേക്കു ഒതുങ്ങി പോകുന്നതാണ് ഇപ്പോൾ കാണുന്നത്. ദേശീയ കക്ഷിയായ കോൺഗ്രസിന്, ഒരു പ്രാദേശിക പാർട്ടിക്കു ചൂട്ടുപിടിക്കുമ്പോഴുണ്ടാവുന്ന അപകർഷത രാഹുൽ ഗാന്ധിയുടെ ശരീര ഭാഷയിൽ വായിച്ചെടുക്കാം. അതുമാത്രമല്ല, അമേഠി , റായ്‌ബറേലി തുടങ്ങിയ ഇടങ്ങളിൽ എസ്‌പി-കോൺഗ്രസുമായി മത്സരത്തിലാണ്. ഇതിന്റെ പരോക്ഷ ഗുണം ബിജെപിക്കാണ് ലഭിക്കുക
ബിഹാറിൽ ബിജെപിയെ അടിയറവു പറയിച്ച നിതീഷ് - ലാലു സഖ്യത്തിന് സമാനമായി എസ്‌പി- കോൺഗ്രസ് സഖ്യത്തെ ചൂണ്ടി കാണിച്ചവർ കാണാതെ പോയ ചിലതുണ്ട്. അഖിലേഷ് നിതീഷ് കുമാറല്ല, രാഹുൽ ലാലുവുമല്ല. അതുകൊണ്ടു തന്നെ ബിഹാറിൽ സംഭവിച്ചതുപോലുള്ള ഒരു കുതിച്ചു കയറ്റം യുപിയിൽ സാധ്യമല്ല. മാത്രവുമല്ല ബിഎസ്‌പി ഉത്തർപ്രദേശിലെ കരുത്തുള്ള രാഷ്ട്രീയ കക്ഷിയാണ്. കിഴക്കൻ ഉത്തർപ്രദേശിൽ ബിഎസ്‌പി ശക്തി കാണിച്ചാൽ ബിജെപിക്കെതിരെയുള്ള വോട്ടുകൾ വിഘടിച്ചു പോവുന്ന സാഹചര്യം സംജാതമാകും. ഒരർത്ഥത്തിൽ ഇതാണ് ബിജെപിയുടെ തന്ത്രം. എതിരാളികളെ വിഘടിപ്പിക്കുക, തങ്ങൾക്കുള്ളത് ഏകീകരിക്കുകയും ചെയ്യുക. ഇതു രണ്ടിനും ആർഎസ്എസ് നിയന്ത്രണത്തിലുള്ള അണികൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നുണ്ട് ഉത്തർപ്രദേശിൽ.
2014 ആവർത്തിക്കാൻ ബിജെപിക്കു ബുദ്ധിമുട്ടാവും എങ്കിലും, തിരഞ്ഞെടുപ്പ് അതിന്റെ കലാശക്കൊട്ടിലേക്കു കടക്കുമ്പോൾ ബിജെപി ക്യാംപ് ആശ്വാസത്തിലാണ്. എങ്കിലും നോട്ട് നിരോധനം ഉണ്ടാക്കിയ ദുരിതങ്ങളും, സംസ്ഥാന നേതാക്കളുടെ അഭാവത്തിൽ ഇറക്കുമതി ചെയ്ത നേതാക്കളുടെ അതിപ്രസരവും ബിജെപിയെ അലട്ടുന്നുണ്ട്.
ആർക്കും അത്ര എളുപ്പത്തിൽ ഉത്തരം കണ്ടെത്താവുന്ന ഒരു രാഷ്ട്രീയ ഭൂമികയല്ല ഉത്തർപ്രദേശ്. അതുകൊണ്ടു തന്നെ ഇത്തവണത്തെ അത്ഭുതം എന്താവും എന്നറിയാൻ മാർച്ച് പതിനൊന്നു വരെ കാത്തിരുന്നേ മതിയാവൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.