ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. 73 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ഈ മാസം 15, 19, 23,27 തീയ്യതികളിലും മാർച്ച് നാല്, എട്ട് തീയ്യതികളിലുമാണ് ഇനിയുള്ള വോട്ടെടുപ്പ് നടക്കുക.

2013 ൽ വർഗ്ഗീയ കലാപം നടന്ന മുസ്സാഫർനഗർ ഉൾപ്പടെ 15 ജില്ലകളാണ് ഇന്ന് വോട്ടെടുക്കുന്നത്. സമാജ് വാദി പാർടിക്കും ബി.എസ്.പി ക്കും തുല്യ ശക്തിയുള്ള ഇവിടെ ബി.ജെ.പി ആണ് മൂന്നാമത്തെ വലിയ രാഷ്ട്രീയ സ്വാധീനം. കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്.പിക്ക് ഇവിടെ നഷ്ടങ്ങളുണ്ടാകുമെന്ന് വിലയിരുത്തലുണ്ട്.

എന്നാൽ അഞ്ച് സീറ്റുള്ള കോൺഗ്രസ്സിന്റെ പിന്തുണ ഇവിടെ തുണയ്ക്കുമെന്ന വിലയിരുത്തലിലാണ് സമാജ് വാദി പാർട്ടി. എന്നാൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 71 സീറ്റും വിജയിച്ച് ബി.ജെ..പി ക്ക് ഭൂരിപക്ഷം ലഭിച്ച 328 നിയമസഭ സീറ്റിലാണ് പശ്ചിമ ഉത്തർപ്രദേശിലെ മണ്ഡലങ്ങൾ എല്ലാം ഉള്ളത്.

എന്നാൽ പ്രദേശത്തെ മത രാഷ്ട്രീയത്തെ നോട്ടമിട്ടാണ് മായാവതി മുന്നോട്ട് പോകുന്നത്. 97 മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് വഴി സമാജ് വാദി പാർട്ടിയിലെ പിണക്കവും ബി.ജെ.പി യ്ക്കെതിരായ വർഗ്ഗീയ രാഷ്ട്രീയവും തങ്ങളെ തുണയ്ക്കുമെന്നാണ് മായാവതി വിശ്വസിക്കുന്നത്. എന്നാൽ പുറത്തുവന്ന അഭിപ്രായ സർവ്വേകളെല്ലാം ബി.ജെ.പി ക്കാണ് സംസ്ഥാനത്ത് മുന്നേറ്റമെന്ന് സൂചിപ്പിക്കുന്നു.

2.57 കോടി വോട്ടർമാരാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെയുള്ളത്. അടിയൊഴുക്കുകളുടെ അന്തിമഫലം പുറത്തുവരിക മാർച്ച് 11 നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ