ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒരു ദലിത് കൗമാരക്കാരനെ ആക്രമിച്ച സംഭവത്തിൽ എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. യുവാക്കൾ കൗമാരക്കാരനെ ആക്രമിക്കുകയും അപമാനിക്കുകയും പ്രതികളിലൊരാളുടെ കാലുകളിൽ നക്കിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിറകെയാണ് അറസ്റ്റ്.
ഏപ്രിൽ 10 നാണ് സംഭവം നടന്നതെന്നും എന്നാൽ ഞായറാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയായ കൗമാരക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്നുതന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
“ഏപ്രിൽ 10 ന് യുവാക്കളിലൊരാൾ എന്റെ വീട്ടിൽ വന്ന് എന്നെ മറ്റ് ഏഴ് പേർ ഉള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഏഴ് പേരിൽ ആരെയും ഞാൻ തിരിച്ചറിഞ്ഞില്ല. അവർ എന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു. എനിക്ക് അവരെ അറിയില്ല, എന്തിനാണ് അവർ എന്നെ ആക്രമിച്ചതെന്ന് എനിക്കറിയില്ല. എന്നെ മർദ്ദിച്ച ശേഷം അവർ എന്നെ അവിടെ ഉപേക്ഷിച്ചു, പിന്നീട് ചിലർ എന്നെ രക്ഷിച്ചു,” പരാതിക്കാരനായ കൗമാരക്കാരൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
എട്ട് പ്രതികളെയും ഞങ്ങൾ അറസ്റ്റ് ചെയ്തുവെന്ന് ലോക്കൽ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഹരികെ സിംഗ് പറഞ്ഞു. “പ്രതികളിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണ്. ഞങ്ങൾ പേപ്പർ വർക്ക് ക്രമീകരിക്കുന്നു, അതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. ആൺകുട്ടികൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചത്. ആക്രമണത്തിന് ഐപിസി വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്, അതേസമയം എസ്‌സി, എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമവും ചുമത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
വൈറൽ വീഡിയോയിൽ, ദളിത് ആൺകുട്ടിയെ ആക്രമിക്കുന്നതിനിടെ അക്രമികൾ ഭീഷണിപ്പെടുത്തുന്നതും ജാതി അധിക്ഷേപം നടത്തുന്നതും കേൾക്കാം. “കൗമാരക്കാരനെ ബെൽറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും സംഭവത്തിൽ കുട്ടിക്ക് നിസാര പരിക്കുകൾ ഏൽക്കുകയും ചെയ്തു. വൈദ്യപരിശോധന നടത്തി, ഇപ്പോൾ കുട്ടി വീട്ടിലേക്ക് മടങ്ങി,” മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.