ലക്‌നൗ: ഉത്തർപ്രദേശിൽ പശുക്കൾക്ക് മാത്രമായി ആംബുലൻസ് സൗകര്യം. ആംബുലൻസ് സർവീസുകൾ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉദ്ഘാടനം ചെയ്തു. മൃഗ ഡോക്ടർമാരുടെ സംഘവും അവരുടെ സഹായികളും ആംബുലൻസിൽ ഉണ്ടാവും. പരുക്കേറ്റ പശുക്കളെ ഗോശാലയിലേക്കോ മൃഗാശുപത്രിയിലേക്കോ മാറ്റുന്നതിന് ‘ഗോ ചികിൽസ മൊബൈൽ ആംബുലൻസ്’ ഉപയോഗിക്കാമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

മസ്ദൂർ കല്യാൺ സാംഗതൻ സംഘടനയുടെ സഹായത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. ലക്‌നൗ, ഗോരഖ്പൂർ, വാരണാസി, മഥുര, അലഹബാദ് എന്നിവിടങ്ങളിൽ ആയിരിക്കും ആംബുലൻസിന്റെ സേവനം ലഭിക്കുക. ആംബുലൻസ് സർവീസിനു പുറമേ ‘ഗോസേവ ടോൾ ഫ്രീ നമ്പറും’ മൗര്യ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമുളളവർക്ക് ഈ ടോൾ ഫ്രീ നമ്പർ വഴി ബന്ധപ്പെടാം.

പശുക്കൾക്കായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്. മധ്യപ്രദേശിൽ നേരത്തെ ഇതേ പദ്ധതി നടപ്പിലാക്കിയിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ