ലഖ്‌നൗ: നിർത്തിയിട്ട ലോറിക്ക് പിന്നിൽ വാനിടിച്ച് ഉത്തർപ്രദേശിൽ പന്ത്രണ്ട് പേർക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് 17 പേർ സഞ്ചരിച്ച വാൻ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ലോറിക്ക് പിന്നിൽ ഇടിച്ചത്.
സീതാപൂറിലേക്ക് പോവുകയായിരുന്നു വാൻ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന നിഗമനമാണ് പൊലീസിന്. ഇന്നലെ ഉത്തർപ്രദേശിൽ ഗോരഖ്പൂർ നഗരത്തിന് 50 കിലോമീറ്റർ അകലെ സ്കൂൾ വാനിനെ ആളില്ലാ ലെവൽ ക്രോസിൽ പാസഞ്ചർ തീവണ്ടിയിടിച്ച് 13 കുട്ടികൾ മരിച്ചിരുന്നു.
വാനിന്റെ ഡ്രൈവറും ഇയാളുടെ സഹായിയും മരിച്ചവരിൽ ഉൾപ്പെടുന്നു. രണ്ട് കുട്ടികളും മരിച്ചു. ഒരു വയസും മൂന്ന് മാസവും വീതം പ്രായമുളള രണ്ട് കുട്ടികൾ അപകടത്തെ അതിജീവിച്ചു. വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ പോയ കുടുംബാംഗങ്ങൾ അടക്കമുളളവരാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം.