ലക്‌നൗ: ഉത്തർപ്രദേശിലെ ഖയിർ ഗ്രാമത്തിലെ മുസ്‌ലിം യുവാക്കൾ കൂട്ടത്തോടെ നേപാളിലേക്ക് പാലായനം ചെയ്യുന്നു. ഒക്ടോബർ 20ന് ഗ്രാമത്തിൽ നടന്ന സംഘർഷത്തിന്റെ പേരിൽ യുഎപിഎ കുറ്റം ചുമത്തി 200 മുസ്‌ലിങ്ങളെ  പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കൂട്ടപ്പലായനം.

ദുർഗ്ഗാപൂജയുടെ ഘോഷയാത്ര ഒരു കൂട്ടം ആളുകൾ ആക്രമിച്ചെന്ന പരാതിയാണ് പൊലീസ് നടപടിക്ക് ആധാരം . ആഷിഷ് കുമാർ ശുക്ള എന്ന പ്രദേശവാസി നൽകിയ പരാതിയിൽ തോക്ക് ,വാൾ ,ബോംബ് എന്നിവ ഉപയോഗിച്ച് ഘോഷയാത്രയെ ആക്രമിക്കുകയും നിരവധി പേർക്ക് പരിക്കേറ്റു എന്നുമായിരുന്നു പരാതിയിലെ ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 80 മുസ്‌ലിം യുവാക്കളുടെ പേരിലും, 100-200 തിരിച്ചറിയാത്ത ആളുകളുടെ പേരിലും എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പൊലീസ് 19 പേരെ ഖയർ ഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്യുകയും 52 പേരെ തിരിച്ചറിയുകയും ചെയ്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ ​ഈ കേസിൽ  യുഎപിഎ കുറ്റം തെറ്റായാണ് ചുമത്തിയതെന്നും എഫ്ഐആറിൽ നിന്നും യുഎപിഎ നടപടി ഒഴിവാക്കിയെന്നും പൊലിസ് പറഞ്ഞു.

സംഘർഷത്തെ തുടർന്ന് ഖയർ ഗ്രാമത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പൊലീസിന്റെ ഭീഷണിയെ തുടർന്ന് ഗ്രാമവാസികൾ ഗ്രാമം വിട്ട് പോയിരിക്കുകയാണ് . ഗ്രാമം വിട്ട് പോകാത്ത പ്രദേശവാസികൾ പലരും പൊലീസ് ഉപദ്രവിക്കുന്നുണ്ടെന്ന് പരാതിപ്പെടുന്നുണ്ട്.

മുസ്‌ലീങ്ങളും ഹിന്ദുകളും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് മുസ്‌ലീം സമുദായാംഗങ്ങളെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നതെന്നും , വീട് കയറി പരിശോധന നടത്തി ചെറുപ്പാക്കരെ മുഴുവൻ ജയിലിൽ അടക്കുകയും ചെയ്തെന്ന് ഗ്രാമവാസിയായ ജെയ്തുന(63) പറഞ്ഞു. ജയ്തുനയുടെ മക്കളായ റമ്സാൻ അലിയും(30), നൻകാവു (28) ജയിലിലാണ്.

ഗ്രാമത്തിന്റെ മുൻ തലവനായ മുഹമ്മദ് റാഷിദും(45) , ഖയറിലെ ജുമാ മസ്ജിദിലെ ക്ലർക്കുമായ് ഹാവിസ് അബ്ദുൾ ബാരിയും(43) ഗ്രാമത്തിൽ നിന്നും ഒഴിഞ്ഞു പോയി. റാഷിദിന്റെ വിടിന്റെ ജനൽ ചില്ലുകൾ പൊലീസ് തകർത്തതിനെ തുടർന്ന് റാഷിദിന്റെ കുടുംബാംഗങ്ങളും വീട് വിട്ട് പോയെന്ന് അയൽവാസി മുഹമ്മദ് ഹസ്സൻ പറഞ്ഞു.

ഘോഷയാത്രയിൽ നിന്ന് വർണ്ണപൊടി പള്ളിയിലേക്ക് എറിഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് കർഷകനായ കരാമതുള്ള പറഞ്ഞു.

എന്നാൽ ഖയർ ഗ്രാമവാസി തന്നെയായ ജഗദീഷ് കുമാർ ജയ്സ്വാൽ പറയുന്നത് മുസ്‌ലിം സമുദായാംഗങ്ങൾ യാതൊരു പ്രകോപനവുമില്ലാതെ ഘോഷയാത്രയെ ആക്രമിക്കുകയായിരുന്നു എന്നാണ് .

ഗ്രാമത്തിലെ 65% ആളുകളും മുസ്‌‌ലിം സമുദായാംഗങ്ങളാണ് അതിനാൽ ഇത് കരുതിക്കുട്ടിയുള്ള ആക്രമണമാണോ എന്ന് സംശയിക്കുന്നെന്ന ഗ്രാമ മുഖ്യ സരിത വർമ്മയുടെ ഭർത്താവ് ഹരി നാരായൺ വർമ്മ പറഞ്ഞു.

എഎസ്‌പി രവിന്ദ്ര കുമാർ സിങ് പറയുന്നത് പ്രദേശവാസികൾ നൽകിയ എട്ട് വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 71 മുസ്‌ലിം യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിൽ 19 പേരെ അറസ്റ്റു ചെയ്തെന്നുമാണ്.

എന്ത് കൊണ്ടാണ് ഹിന്ദുകൾക്കെതിരെ കേസെടുക്കാതതെന്ന ചോദ്യത്തിന് അവർക്കെതിരെ തെളിവില്ലെന്നും അവർ ജയ് ശ്രീ റാം എന്ന് വിളിക്കുകയല്ലാതെ അക്രമത്തിൽ പങ്കെടുത്തില്ല എന്നാണ് എഎസ്‌പി രവിന്ദ്ര കുമാർ സിങ്ങ് പറഞ്ഞത്.

യുഎപിഎ തെറ്റായാണ് ചുമത്തിയതെന്നും യുഎപിഎ പിൻവലിച്ച് ക്രമിനൽ കുറ്റം ചുമത്തുമെന്നും എഎസ്‌പി പറഞ്ഞു.

ഇരുവിഭാഗങ്ങളും സംഘർഷത്തിൽ പങ്കെടുത്തെന്നും ഇതിൽ ആർക്കും ഗുരുതരമായ് പരിക്കേറ്റിട്ടില്ലെന്നും എന്നാൽ ഇരു കൂട്ടർക്കുമെതിരെ കേസെടുക്കുന്നതിൽ നിന്നും ആരെയും വിലക്കിയിട്ടിലെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും ഡിഐജി അനിൽ കുമാർ റായ് പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook