ന്യൂഡൽഹി: തന്റെ ആദ്യ ബജറ്റ് അവതരണത്തിൽ നികുതിദായകർക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. ഇനി മുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡിനു പകരമായി ആധാർ കാർഡ് ഉപയോഗിക്കാം.

”ഏകദേശം 120 കോടിയിലധികം ഇന്ത്യക്കാർക്ക് ഇപ്പോൾ ആധാർ കാർഡുണ്ട്. അതിനാൽ നികുതിദായകർക്ക് എളുപ്പത്തിനായി പാൻ കാർഡിനു പകരം ആധാർ കാർഡ് ഉപയോഗിക്കാനുളള നിർദേശം ഞാൻ മുന്നോട്ടു വയ്ക്കുന്നു. ആദായ നികുതി റിട്ടേൺ ചെയ്യുമ്പോൾ പാൻ കാർഡില്ലാത്തവർ ആ സ്ഥാനത്ത് ആധാർ നമ്പർ നൽകിയാൽ മതി,” പാർലമെന്റിലെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. നിലവിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡ് നിർബന്ധമായിരുന്നു.

Union Budget 2019 Highlights: ഇന്ധനവില കൂടും, സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടി

പ്രവാസികൾക്ക് അതിവേഗം ആധാർ കാർഡ് ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇന്ത്യൻ പാസ്‌പോർട്ടുളള പ്രവാസികൾ രാജ്യത്ത് എത്തുമ്പോൾ എളുപ്പത്തിൽ ആധാർ കാർഡ് ലഭ്യമാക്കും. നിലവിലെ വ്യവസ്ഥ അനുസരിച്ച് ആധാർ കാർഡ് ലഭിക്കാനായി പ്രവാസികൾ 180 ദിവസം കാത്തിരിക്കണമായിരുന്നു. രാജ്യത്ത് എത്തുന്ന ഇന്ത്യൻ പാസ്പോർട്ടുളള പ്രവാസികൾക്ക് 180 ദിവസം കാത്തിരിക്കാതെ പെട്ടെന്ന് ആധാർ കാർഡ് ലഭ്യമാക്കണമെന്ന് താൻ ശുപാർശ ചെയ്യുന്നതായി ബജറ്റ് പ്രസംഗത്തിനിടെ നിർമല സീതാരാമൻ പറഞ്ഞു.

Budget 2019 Explained: കേന്ദ്ര ബജറ്റ്: ഭവന വായ്‌പകൾക്ക് നികുതിയിളവ്

2019 മേയ് 31 വരെ രാജ്യത്തെ 123.82 കോടി പേർക്ക് ആധാർ കാർഡ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook