വാഷിങ്ടൺ: ഹൈവേയിൽ നിന്ന് നിയന്ത്രണം വിട്ട് പറന്ന കാർ ദൂരെ മരക്കൂട്ടത്തിനിടയിൽ ഇടിച്ച് വീണു. കാറിൽ നിന്നും തെറിച്ച് വീണ് ആറ് ദിവസത്തോളം ആരുമാരും കാണാതെ കഴിഞ്ഞ 53കാരിക്ക് ഒടുവിൽ രക്ഷയായത് പശു! അമേരിക്കയിലെ അരിസോണയിലാണ് സംഭവം.

വിക്കൻബർഗിലെ 60 നമ്പർ റൂട്ടിലൂടെയായിരുന്നു 53 കാരി യാത്ര ചെയ്തിരുന്നത്. ഫൊണിക്സിന് 80 കിലോമീറ്റർ അകലെ വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒക്ടോബർ 12 നായിരുന്നു ഇത്. അമിതവേഗതയിൽ പാഞ്ഞ കാർ പെട്ടെന്ന് ഉയർന്നുപൊങ്ങി റോഡരികിലെ താഴ്ചയിലേക്ക് വീണു. ഇവിടെ മരക്കൂട്ടത്തിനിടയിൽ ഇടിച്ചാണ് കാർ വീണത്.

നിർഭാഗ്യവശാൽ അപകടം ആരും കണ്ടില്ല. റോഡ് നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയ ട്രൂപ്പർമാരാണ് ആദ്യം ഇവരെ കണ്ടെത്തിയത്. അതിന് കാരണമായതോ റോഡിൽ അലഞ്ഞുതിരിഞ്ഞ് നടന്ന പശുവും. പശുവിനെ ആട്ടിപ്പായിക്കാനാണ് ട്രൂപ്പർമാർ ഈ വഴി വന്നത്. പശുവിന് പിന്നാലെ ഓടിയെത്തിയ ട്രൂപ്പർമാർ റോഡിന്റെ കൈവരി തകർന്നതായി കണ്ടെത്തുകയായിരുന്നു.

ഇതോടെയാണ് ഈ ഭാഗത്ത് തിരച്ചിൽ നടത്തിയത്. എന്നാൽ കാറിനകത്ത് ആരെയും കണ്ടെത്താൻ ഇവർക്ക് സാധിച്ചില്ല. പക്ഷേ കാറിനകത്ത് ആരോ ഉണ്ടായിരുന്നുവെന്ന് തോന്നിക്കുന്ന സൂചനകൾ ഇവർക്ക് ലഭിച്ചു. ഇതേ തുടർന്ന് ചുറ്റുപാടും തിരച്ചിൽ നടത്തുമ്പോൾ കാറിൽനിന്നും 500 യാർഡ് അകലെ ഗുരുതര പരുക്കുകളോടെ നിർജ്ജലീകരണം സംഭവിച്ച നിലയിൽ 53 കാരിയെ കണ്ടെത്തി.

നാല് ദിവസത്തോളം താൻ കാറിനകത്ത് തന്നെയാണ് കിടന്നതെന്ന് സ്ത്രീ ട്രൂപ്പർമാരോട് പറഞ്ഞു. പിന്നീടാണ് ജീവൻ രക്ഷിക്കാനായി ഇറങ്ങി നടക്കാൻ ശ്രമിച്ചത്. എന്നാൽ പാതിവഴിയിൽ വീണുപോവുകയായിരുന്നു. അപകടസ്ഥലത്ത് നിന്നും ഹെലികോപ്റ്ററിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook