/indian-express-malayalam/media/media_files/uploads/2020/11/Joe-Biden-2.jpg)
ജോ ബെെഡൻ
വാഷിങ്ടൺ: റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ ഭരണകൂടത്തിന്‍റെ നടപടികൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ തടവിലാക്കിയ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ എത്രയും പെട്ടെന്ന് തടവിൽ നിന്ന് മോചിപ്പിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ് റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ സർക്കാരിന്റെ നിലപാടിനെതിരെ ബൈഡൻ രംഗത്തെത്തിയത്.
“എന്റെ മുൻഗാമിയുടേതിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിൽ പ്രസിഡന്റ് പുടിനോട് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്, റഷ്യയുടെ ആക്രമണാത്മക നടപടികളെ അമേരിക്ക കണ്ടില്ലെന്ന് നടിക്കില്ല. നമ്മുടെ തിരഞ്ഞെടുപ്പുകളിൽ ഇടപെടുന്നത്, സൈബർ ആക്രമണങ്ങൾ, അവരുടെ പൗരന്മാരെ ഉപദ്രവിക്കുന്നത് എല്ലാം അവസാനിക്കുന്നു,” ബൈഡൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ബൈഡൻ ഫോണിൽ സംസാരിച്ച ലോക നേതാക്കളിൽ ഒരാളാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
Read More: അഞ്ച് ലക്ഷത്തിലധികം പേർക്ക് കുത്തിവയ്പ് നൽകിയ ആദ്യ സംസ്ഥാനം ഉത്തർപ്രദേശ്: സർക്കാർ
രാഷ്ട്രീയ ലക്ഷ്യത്തോടെ അലക്സി നവാൽനിയെ ജയിലിലടച്ചതും അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ സമ്മേളനങ്ങളും അടിച്ചമർത്താനുള്ള റഷ്യൻ ശ്രമങ്ങളും അമേരിക്കയെയും രാജ്യാന്തര സമൂഹത്തെയും വളരെയധികം ആശങ്കപ്പെടുത്തേണ്ട കാര്യമാണെന്ന് ബൈഡൻ പറഞ്ഞു.
"എല്ലാ റഷ്യൻ പൗരന്മാരെയും പോലെ നവാൽനിക്കും റഷ്യൻ ഭരണഘടന പ്രകാരം അദ്ദേഹത്തിന്റെ അവകാശങ്ങൾക്ക് അർഹതയുണ്ട്. അഴിമതി തുറന്നുകാട്ടിയതിന്റെ പേരിലാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടത്. അദ്ദേഹത്തെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണം,” അദ്ദേഹം പറഞ്ഞു.
മ്യാൻമറിൽ ഓങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച സൈനിക നടപടിയേയും ബൈഡൻ വിമർശിച്ചിരുന്നു. മ്യാൻമറിൽ തടവിലാക്കിയ നേതാക്കളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും വാർത്താ വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് റഷ്യക്കെതിരെ നേരിട്ട് പ്രസിഡന്റ് വിമർശനമുന്നയിച്ചിരുന്നില്ല. യുഎസ് തിരഞ്ഞെടുപ്പിലുൾപ്പടെ റഷ്യൻ ഇടപെടലുകൾ സംബന്ധിച്ച് ആരോപണങ്ങളും ട്രംപ് ഭരണകാലത്ത് ഉയർന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.