വാഷിങ്ടണ്‍: നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കാന്‍ ആരംഭിച്ചാല്‍ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്. ഇപ്പോള്‍ റഷ്യയെ തടഞ്ഞില്ലെങ്കില്‍ അമേരിക്ക അതിന് ശ്രമിക്കുമെന്നും ബൈഡന് ഊന്നിപ്പറഞ്ഞു. “വ്ളാഡിമിര്‍ പുടിനുമായി സംസാരിക്കാൻ എനിക്ക് പദ്ധതിയില്ല, എന്നാൽ യുക്രൈൻ പ്രസിഡന്റ് വോലോഡിമർ സെലൻസ്കിയുമായി സംസാരിച്ചു, യുക്രൈനിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനായി മാനുഷിക സഹായം വാഗ്ദാനം ചെയ്തു,” ബൈഡന് പറഞ്ഞു.
റഷ്യ യുക്രൈനിലേക്ക് അധിനിവേശം നടത്തിയതോടെ നാറ്റോ രാജ്യങ്ങള്‍ക്ക് അമേരിക്ക സൈനിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. പുടിന് യുക്രൈനില്‍ വലിയ ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് ബൈഡന് ആരോപിച്ചു. “സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് പുടിന് നടത്തുന്നത്. അതിനുവേണ്ടിയാണ് ആക്രമണം. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ ഇന്നത്തെ ലോകത്തിന് വിരുദ്ധമാണെന്ന് ഞാന്‍ കരുതുന്നു,” അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, യുക്രൈന് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി. യുക്രൈനെതിരായ യുദ്ധത്തിന് വഴിയൊരുക്കിയ കാരണങ്ങളെക്കുറിച്ച് പുടിന് മോദിയോട് വിശദീകരിച്ചതായാണ് വിവരം. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നയപരമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു.
ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് മോദി അഭ്യര്‍ത്ഥിക്കുകയും നയന്ത്രചര്ച്ചകളിലേക്ക് കടക്കാന്‍ എല്ലാഭാഗത്ത് നിന്നുള്ള ശ്രമമുണ്ടാകാണമെന്നും ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും മോദി പ്രകടിപ്പിച്ചു. അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
റഷ്യൻ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137 പേര് കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി അറിയിച്ചു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1986 ല്‍ ആണവദുരന്തം നടന്ന മേഖല, കീവിന് വടക്കുള്ള ചെർണോബിൽ ആണവനിലയം എന്നിവ റഷ്യൻ സൈന്യം പിടിച്ചെടുത്തതായി യുക്രൈൻ പ്രസിഡൻഷ്യൽ ഓഫീസിലെ ഉപദേഷ്ടാവ് വ്യാഴാഴ്ച പറഞ്ഞു. 11 വ്യോമതാവളങ്ങൾ ഉൾപ്പെടെ 74 യുക്രൈൻ സൈനിക കേന്ദ്രങ്ങൾ റഷ്യൻ സൈന്യം നശിപ്പിച്ചതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
Also Read: Russia-Ukraine Crisis: മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടി മലയാളി വിദ്യാര്‍ഥികളടക്കമുള്ളവര്‍; ദുരിതം