ന്യൂഡല്‍ഹി: കോവിഡ്-19 ഭേദമാക്കുമെന്നും തടയുമെന്നും തെറ്റിദ്ധരിപ്പിച്ച് മരുന്ന് വില്‍ക്കുന്ന ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. നാല് കമ്പനികള്‍ക്കാണ് അമേരിക്കയുടെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) മുന്നറിപ്പ് നോട്ടീസ് നല്‍കിയത്. ഇത് കൂടാതെ, മറ്റൊരു കമ്പനിക്കും എഫ് ഡി എ മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ഇതുവരെ അഞ്ച് കമ്പനികള്‍ക്കാണ് എഫ് ഡി എ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

ഉത്തരഖണ്ഡിലെ വിന്‍ഡ്‌ലാസ് ഹെല്‍ത്ത് കെയറിനാണ് എഫ് ഡി എയുടെ ഡ്രഗ് മൂല്യനിര്‍ണയവും ഗവേഷണത്തിനുമുള്ള സെന്റര്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. എഫ് ഡി എ കമ്പനിയുടെ ഡെറാഡൂണിലെ ഫാക്ടറിയില്‍ പരിശോധന നടത്തിയശേഷമാണ് മരുന്ന് നിര്‍മ്മാണ രീതികളിലെ ലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

പരീക്ഷണ ശാലകളിലെ എല്ലാ പരിശോധനകളുടെ സമ്പൂര്‍ണവും കൃത്യവുമായുള്ള വിവരങ്ങള്‍ ഈ കമ്പനി സൂക്ഷിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അമേരിക്കയില്‍ വിറ്റ ടാബ് ലറ്റുകളില്‍ മാലിന്യം കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഗുണനിലവാരം ഉറപ്പു വരുത്തുന്നതില്‍ വിന്‍ഡ്‌ലാസ് പരാജയപ്പെട്ടുവെന്ന് എഫ് ഡി എ കണ്ടെത്തി. പരിശോധനയ്ക്ക് എത്തുന്നതിന് 30 മിനുട്ടുകള്‍ക്ക് മുമ്പ് അറിയിപ്പ് കൊടുത്തശേഷമാണ് എഫ് ഡി എ സംഘം പരിശോധനയ്ക്ക് എത്തിയത്.

Read Also: Covid-19 vaccine: ജനസംഖ്യയുടെ മൂന്നിരട്ടിയോളം കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി യുഎസ്

ബല്‍ഗാമിലെ ഹോമിയോമാര്‍ട്ട് ഇന്‍ഡിബൈ, അഹമ്മദാബാദിലെ കെഗന്‍ വെല്‍നസ്, ഇന്‍ഡോറിലെ ജിബിഎസ് ഡിബിഎ ആല്‍ഫാ ആരോഗ്യ ഇന്ത്യ, സുശാന്തി ഹോമിയോപ്പതി ക്ലിനിക്ക് എന്നിവയാണ് കോവിഡ്-19-നുള്ള മരുന്നുകള്‍ എന്ന് തെറ്റിദ്ധരിപ്പിച്ചതിന് നോട്ടീസ് ലഭിച്ച സ്ഥാപനങ്ങള്‍.

ആഴ്‌സനിക് ആല്‍ബം 30-നെ കോവിഡ്-19 പ്രതിരോധത്തിനുള്ള ഏറ്റവും മികച്ച ഹോമിയോ മരുന്നായി ഹോമിയോമാര്‍ട്ട് ഇന്‍ഡിബൈ അവതരിപ്പിച്ചു. അതേസമയം, സുശാന്തി ഹോമിയോപ്പതി ക്ലിനിക്ക് അനുമതിയില്ലാത്ത മരുന്നുകള്‍ കോവിഡി പ്രതിരോധ മരുന്നെന്ന് പറഞ്ഞു വിറ്റു.

കെഗന്‍ വെല്‍നസ് വിറ്റാമിന്‍ സിയുടെ ടാബ് ലെറ്റിനെ കൊറോണവൈറസിന് എതിരെ ഫലപ്രദമെന്ന രീതിയില്‍ വിറ്റു. കൊറോണവൈറസിനുള്ള ആയുര്‍വേദ പരിഹാരമായി ചില ഉല്‍പന്നങ്ങള്‍ വിറ്റതിനാണ് ആരോഗ്യ ഇന്ത്യയ്ക്ക് നോട്ടീസ് ലഭിച്ചത്. ഈ മരുന്നുകളുടെ വില്‍പന അമേരിക്കയില്‍ നിരോധിച്ചു.

Read in English: US warns 5 Indian firms selling unapproved drugs, Covid ‘cures’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook