/indian-express-malayalam/media/media_files/2025/09/15/india-us-india-america-2025-09-15-17-51-23.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രതിനിധികൾ ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ. കഴിഞ്ഞ മാസം ഇന്ത്യയ്ക്കു മേൽ അമേരിക്ക 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
Also Read: ഇന്ത്യയുമായി യുഎസിന് ഉന്നത ബന്ധം; വ്യാപാര ചർച്ചകൾ ഉടൻ തുടങ്ങും: മാർക്കോ റൂബിയോ
ഇതിനുപിന്നാലെ, ഇന്ത്യയും യുഎസും സ്വഭാവിക പങ്കാളികളാണെന്നും കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകളിൽ അയവുണ്ടാകുന്നത്.
അതേസമയം, ഇന്ത്യ എല്ലാ മേഖലകളിലെയും അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്ന് ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ കഴിഞ്ഞ ദിവസം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും ഇതിനായി ഇന്ത്യയുടെ വ്യാപാര, വാണിജ്യ മന്ത്രിമാരെ ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സെർജിയോ ഗോർ പറഞ്ഞു. താരിഫുകളെക്കുറിച്ചുള്ള കരാറിൽ നമ്മൾ അത്ര അകലെയല്ലെന്നും അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ളത് ഏറ്റവും ഉയർന്ന ബന്ധമാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞിരുന്നു.
Read More: അനധികൃത കുടിയേറ്റത്തിനോട് ഇനി മൃദൂസമീപനമില്ല; ഇന്ത്യൻ വംശജന്റെ കൊലയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us