ന്യൂഡൽഹി: ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഭാഗികമായി നീക്കാൻ അമേരിക്കയ്ക്ക് രാജ്യാന്തര നീതിന്യായ കോടതി നിർദേശം നൽകി. 1955 ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സൗഹൃദ കരാർ ഉയർത്തിക്കാട്ടിയാണ് ഇറാൻ അനുകൂല വിധി നേടിയത്. എന്നാൽ മണിക്കൂറുകൾക്കകം അമേരിക്ക ഈ കരാർ പിൻവലിച്ച് തിരിച്ചടിച്ചു.

വ്യോമയാന മേഖലയിലും അവശ്യവസ്തുക്കളുടെ കയറ്റുമതി, ഇറക്കുമതി മേഖലകളിലും ഏർപ്പെടുത്തിയ നിരോധനങ്ങൾ നീക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ആണവായുധ നിരായുധീകരണത്തെ ചൊല്ലിയുളള തർക്കത്തെ തുടർന്നാണ് ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.

കോടതിയുടെ ഇടക്കാല ഉത്തരവിനെ ഇറാൻ സ്വാ​ഗതം ചെയ്തു. അടുത്ത മാസം നാലിന് അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനിരിക്കെയാണ് രാജ്യാന്തര നീതിന്യായ കോടതിയിൽ നിന്ന് ഇറാന് അനുകൂലമായ വിധി വന്നത്. ഉപരോധങ്ങൾ നീക്കാൻ ആവശ്യപ്പെട്ട് ഇറാനാണ് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചത്. വ്യോമയാന മേഖലയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാനാണ് ഇടക്കാല ഉത്തരവിലൂടെ അമേരിക്കയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാനാണ് ശരിയെന്നും അമേരിക്ക നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്തതെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ഇറാൻ പ്രതികരിച്ചു. എന്നാൽ അമേരിക്കയിലെ വ്യാപാര മേഖലയുടെ മേൽ രാജ്യാന്തര നീതിന്യായ കോടതിയ്ക്ക് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തിൽ അമേരിക്കൻ ഭരണകൂടം വിധി അംഗീകരിച്ചേക്കില്ല. ഇതിന്റെ ആദ്യ ചുവടെന്ന നിലയിലാണ് 1955 ലെ കരാർ റദ്ദാക്കിയത്. 2018 മെയ്മാസത്തിലാണ് അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook