വാഷിങ്ടണ്‍: താന്‍ ശിക്ഷിക്കപ്പെടുന്നത് എന്തിനാണെന്ന് തിരിച്ചറിയാനാവാത്ത പ്രതിയെ ശിക്ഷിക്കാനാവില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി. പക്ഷാഘാതവും മറവിരോഗവും ബാധിച്ച് താന്‍ ചെയ്ത കുറ്റം എന്താണെന്ന് ഓർമയില്ലാത്ത അലബാമക്കാരന്റെ കേസിലാണ് കോടതിയുടെ സുപ്രധാന വിധി. 1985ല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിലാണ് വെര്‍ണന്‍ മോഡിസന്‍ എന്ന 68കാരനെ അറസ്റ്റ് ചെയ്തത്.

നിയമപരമായി മോഡിസണ്‍ ശിക്ഷിക്കപ്പെടണമെന്ന് നേരത്തെ അലബാമ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ വിധി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്സ് വിധിക്കുകയായിരുന്നു. മറവി രോഗം, മാനസിക വൈകല്യം തുടങ്ങിയവ പ്രതിക്ക് ഉണ്ടെങ്കില്‍ അയാളെ വധശിക്ഷയ്ക്കോ മറ്റ് ക്രൂര ശിക്ഷകള്‍ക്കോ വിധേയനാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. താന്‍ എന്തിനാണ് വധിക്കപ്പെടുന്നതെന്ന് പോലും പ്രതിക്ക് തിരിച്ചറിയാനാവുന്നില്ലെങ്കില്‍ ശിക്ഷ ധാര്‍മ്മികമായി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.

ജൂലിയസ് ഷുള്‍ട്ടെ എന്ന പൊലീസ് ഉദ്യോഗസ്ഥയെ രണ്ട് തവണ വെടിയുതിര്‍ത്താണ് മാഡിസണ്‍ കൊലപ്പെടുത്തിയത്. മുന്‍ കാമുകിയുമായുളള പ്രശ്നത്തില്‍ നിയമസഹായം നല്‍കാനെത്തിയപ്പോഴായിരുന്നു പ്രതി പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം നിരവധി തവണ മാഡിസണ് പക്ഷാഘാതം ഉണ്ടായി. ഇത് മസ്തിഷ്ക രോഗത്തിനും മറവിക്കും കാരണമായി. കൂടാതെ കണ്ണിന്റെ കാഴ്ചയ്ക്ക് പ്രശ്നം ഉളളത് കാരണം പരസഹായമില്ലാതെ നടക്കാനോ വ്യക്തമായി സംസാരിക്കാനോ കഴിയില്ല.

മാഡിസനെ വധശിക്ഷയ്ക്ക് വിധേയമാക്കണമെങ്കില്‍ എന്തിനാണ് താന്‍ വധിക്കപ്പെടുന്നതെന്ന് അദ്ദേഹം അറിഞ്ഞിരിക്കണമെന്ന് കോടതി പറഞ്ഞു. എട്ടാം ഭേദഗതിയില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. 1994ലാണ് മാഡിസണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മാനസികമായി വൈകല്യമുളള പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതില്‍ ഈയടുത്താണ് കോടതി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook