ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിനായി വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇതിനെല്ലാം വെല്ലവിളി ഉയര്‍ത്തുകയാണ് അമേരിക്കയിലെ തൊഴില്‍ പരിചയത്തിനായുള്ള വിദ്യാര്‍ഥികളുടെ താത്പര്യം.
വിദ്യാര്‍ഥികള്‍ ബിരുദ പഠനം പൂര്‍ത്തിയായതിന് ശേഷവും അമേരിക്കയില്‍ തന്നെ തുടരുകയാണ്. മൂന്ന് വര്‍ഷം ജോലി അല്ലെങ്കില്‍ ട്രെയിനിങ് എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും നോൺ പ്രോഫിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷനും (ഐഇഇ) സമാഹരിച്ച ഓപ്പൺ ഡോർസ് ഡാറ്റ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

2021-22 വര്‍ഷത്തില്‍ അമേരിക്കയില്‍ വിദ്യാഭ്യാസം തേടിയ 1.99 ലക്ഷം വിദ്യാർഥികളിൽ 34.2 ശതമാനം പേരും ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമുകള്‍ക്കും എൻറോൾ ചെയ്തിട്ടുണ്ട്. ഇത് സ്റ്റുഡന്റ് വിസയിലുള്ള വിദ്യാര്‍ഥികളെ മൂന്ന് വര്‍ഷം വരെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നു.
ഓരോ വര്‍ഷവും ഒപിടി പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. 2006-07-ല്‍ ഇത് 12.8 ശതമാനം മാത്രമായിരുന്നു. ഏറ്റവും ഉയര്‍ന്ന വര്‍ധനവ് കണ്ടത് 2020-21 ലാണ്, 43.9 ശതമാനം. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇത്രയും ഉയര്‍ച്ചയില്ല.
അമേരിക്കയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 52 ശതമാനവും ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠിക്കുമ്പോഴൊ അല്ലെങ്കില്‍ ബിരുദം നേടിയതിന് ശേഷമോ പ്രായോഗിക പരിശീലന അനുഭവം നേടുന്നതിനുള്ള ഒരു ഓപ്ഷനാണ് ഒപിടി. മിക്ക കേസുകളിലും അതിന്റെ ദൈർഘ്യം ഒരു വർഷമാണെങ്കിലും, എസ് ടി ഇ എം (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) വിഭാഗങ്ങളില്‍ ഇത് മൂന്ന് വർഷം വരെ നീട്ടാവുന്നതാണ്.
എന്നാല്‍ ഇതിന് അമേരിക്കയിലെ തൊഴിലാളി യൂണിയനുകളിൽ നിന്ന് നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടിവന്നു. അനുകൂല്യം സ്റ്റുഡന്റ് വിസയുടെ പരിധിക്കപ്പുറമാണെന്നായിരുന്നു യൂണിയനുകളുടെ വാദം. എന്നാല്‍ യൂണിയനുകളുടെ ആവശ്യം കോടതി നിഷേധിക്കുകയും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുകയുമായിരുന്നു.
ഒപിടി അമേരിക്കയില്‍ ജോലി ചെയ്യുന്നതിനുള്ള (എച്ച്-1ബി സ്റ്റാറ്റസ്) ആദ്യ പഠിയായാണ് കൂടുതല്‍ പേരും കാണുന്നത്. പ്രത്യേകിച്ചും എസ് ടി ഇ എം ഫീല്ഡുകളിലുള്ളവര്. 2021-22 ല്‍ അമേരിക്കയിലുള്ള 1.84 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ ഒപിടിക്ക് തയാറായവരില്‍ 37 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബിരുദാന്തര ബിരുദവും അമേരിക്കയില്‍ നിന്ന് നേടുന്നത് കുറഞ്ഞതായുമാണ് ദി ഓപ്പണ്‍ ഡോര്‍സ് ഡാറ്റ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. 2003-04 ല്‍ 79 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും പിജിയും ചെയ്തിരുന്നു. എന്നാല്‍ 2021-22 എത്തിയപ്പോള്‍ ഇത് കേവലം 51.2 ശതമാനമായി കുറഞ്ഞു.