ന്യൂയോർക്ക്: അമേരിക്കയിൽ വംശീയ വിദ്വേഷ അക്രമങ്ങൾ രൂക്ഷമാകുന്നതിനിടെ മൂന്നാമത്തെ ഇന്ത്യക്കാരനും വെടിയേറ്റു. വാഷിംഗ്‌ടണിന് സമീപം കെന്റ് നഗരത്തിൽ വീടിന് മുന്നിൽ സ്വന്തം വാഹനത്തിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന സിഖുകാരനായ യുവാവിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം.

“നിന്റെ നാട്ടിലേക്ക് തിരിച്ച് പോകൂ” എന്നാവശ്യപ്പെട്ടാണ് അക്രമി തന്നെ സമീപിച്ചതെന്ന് സിഖുകാരൻ പൊലീസിന് നൽകിയിരിക്കുന്ന വിവരം. തുടർന്ന് ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായി. കോപാകുലനായ അക്രമി ഉടൻ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സിഖുകാരനെതിരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ് സിഖുകാരൻ വീണ ഉടൻ തന്നെ അക്രമി ഇവിടെ നിന്നും രക്ഷപ്പെട്ടു. ആറടിയിലേറെ ഉയരമുള്ള ഇയാൾ മുഖം തുണി കൊണ്ട് പാതി മറച്ചിരുന്നുവെന്ന് സിഖുകാരൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

അമേരിക്കയിൽ വർധിച്ചുവരുന്ന വിദ്വേഷ അക്രമങ്ങളിൽ ഇന്ത്യക്കാർക്ക് എതിരായ അവസാനത്തെ അക്രമം ആണിത്. പത്ത് ദിവസത്തിനിടെ ഇന്ത്യൻ വംശജനടക്കം നാലാമത്തെ ഇന്ത്യക്കാരനാണ് ആക്രമിക്കപ്പെട്ടത്. ആദ്യം കൻസാസ് നഗരത്തിലെ ബാറിലുണ്ടായ ആക്രമണത്തിൽ ആന്ധ്ര സ്വദേശിയായ ശ്രീനിവാസ് കുചിബോത്‌ല വെടിയേറ്റ് മരിച്ചിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അലോക് മദസാനി അമേരിക്കൻ പൗരനായ ഇയാൻ ഗ്രില്ലറ്റിന്റെ ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ടിരുന്നു. ഇയാനും അലോകിനും അക്രമിയുടെ വെടിയേറ്റിരുന്നു.

ഇതിന് ശേഷം ഇന്ത്യൻ വംശജനും അമേരിക്കയിൽ ബിസിനസുകാരനുമായ ഹർണിഷ് പട്ടേലിനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതും വംശീയ വിദ്വേഷ കൊലപാതകമാണെന്നാണ് സംശയം. അതേസമയം സിഖുകാരനും കുടുംബവും ഭീതിയിലാണ്. ഇയാളെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. എന്നാൽ പേര് വിവരം വ്യക്തമാക്കുന്നതിൽ കുടുംബത്തിന് ഭീതിയുണ്ട്.

അടുത്ത കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വിധത്തിൽ വംശീയ അധിക്ഷേപങ്ങൾ പൊതുസ്ഥലത്ത് പോലും ഇന്ത്യൻ വംശജരും ഇന്ത്യക്കാരും നേരിടുന്നതായാണ് വിവരം.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook