ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരെ കുറിച്ചുള്ള സന്പൂർണ്ണ വിവരങ്ങളടങ്ങിയ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനമായ ആധാർ രേഖകൾ അമേരിക്ക ചോർത്തിയെന്ന് വെളിപ്പെടുത്തൽ. അമേരിക്കൻ ചാരസംഘടനയായ സിഐഎ(സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി) ആണ് ഇന്ത്യൻ പൗരന്മാരുടെ സുപ്രധാന രേഖകൾ ചോർത്തിയത്.

വിക്കിലിക്സ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് വിക്കിലിക്സ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആധാർ വിവരങ്ങളിൽ വ്യക്തിയുടെ വിരലടയാളം, കണ്ണ് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങളാണ് ഉള്ളത്.

തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച് വിക്കിലീക്ക്സ് വെളിപ്പെടുത്തുന്നത്. രഹസ്യവിവരങ്ങൾ ചോർത്തുന്ന സിഐഎ പദ്ധതിയായ എക്സ്പ്രസ് ലൈൻ വഴിയാണ് ആധാർ രേഖകൾ ചോർത്തിയിരിക്കുന്നതെന്ന് വിക്കിലീക്ക്സ് വ്യക്തമാക്കുന്നു.

രാജ്യങ്ങൾ സിഐഎയുമായി സ്വമേധയാ പങ്കുവയ്ക്കുന്ന വിവരങ്ങൾ മതിയാകാതെ വരുന്പോഴാണ് ഇത്തരം ചോർത്തലുകൾ സിഐഎ നടത്തുന്നത്. ബയോമെട്രിക് വിവരശേഖരണം നടത്തുന്ന സോഫ്റ്റ്‍വെയർ പുതുക്കുന്ന സമയത്ത്, സിഐഎയുടെ ഒടിഎസ്(ഓഫീസ് ഓഫ് ടെക്നിക്കൽ സർവ്വീസസ്) ഏജന്റുമാർ ‘എക്സ്പ്രസ് ലൈൻ’ ഇൻസ്റ്റാൾ ചെയ്താണു വിവരങ്ങൾ ചോർത്താനുള്ള സാഹചര്യം ഒരുക്കിയതെന്നാണ് വിക്കിലീക്സ് വിശദീകരണം.

ആർക്കും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാത്ത വിധത്തിലാണ് സിഐഎ ഏജൻ്റുമാർ പ്രവർത്തിച്ചതെന്നും വിക്കിലീക്സ് പറയുന്നു.

ബയോമെട്രിക് സോഫ്റ്റുവെയർ രംഗത്തെ പ്രധാനികളായ ക്രോസ് മാച്ച് ഉപയോഗിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൺപതിലധികം രാജ്യത്ത് ഉപയോഗിക്കുന്ന ക്രോസ് മാച്ച് അമേരിക്കൻ കന്പനിയാണ്. ഇവരെ ഉപയോഗിച്ചാണ് സിഐഎ ചാരപ്രവൃത്തി നടത്തിയതെന്നാണ് വിവരം.

ആധാർ തയ്യാറാക്കി നൽകാൻ ചുമതലപ്പെട്ടിരുന്ന യുണിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഉപയോഗിച്ചത് ക്രോസ് മാച്ച് സോഫ്റ്റുവെയർ ആണ്. സ്മാർട്ട് ഐഡൻ്റിറ്റി ഡിവൈസസ് ലിമിറ്റഡുമായ സഹകരിച്ചാണ് ഇന്ത്യയിൽ ക്രോസ് മാച്ച് പ്രവർത്തിച്ചതെന്ന് വിക്കിലീക്സ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ