ന്യൂഡല്‍ഹി: ഇറാന് മേല്‍ അമേരിക്ക രണ്ടാംഘട്ട ഉപരോധം ഏര്‍പ്പെടുത്തി. 2015ലെ ആണവ കരാറിന്റെ ഭാഗമായി പിന്‍വലിച്ച എല്ലാ ഉപരോധങ്ങളും അമേരിക്ക പുനസ്ഥാപിച്ചു. ഇറാന് മേല്‍ ചുമത്തിയ ഏറ്റവും കടുത്ത ഉപരോധമാണ് ഇതെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോ പറഞ്ഞത്. അതേസമയം അമേരിക്കയുടെ ഉപരോധത്തെ രാജ്യം മറികടക്കുമെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി വ്യക്തമാക്കി.

അമേരിക്കയുടെ നീക്കം ഇറാന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്റെ എണ്ണ കയറ്റുമതി, ബാങ്കിങ് മേഖല, ഷിപ്പിംങ് എന്നിവയയൊക്കെ ഉപരോധം പ്രതികൂലമായി ബാധിച്ചേക്കും. ഇറാനുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങളേയും ഇത് ബാധിക്കും. അതേസമയം ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അടക്കമുളള 8 രാജ്യങ്ങള്‍ക്ക് അമേരിക്ക താത്കാലികമായി അനുവാദം നല്‍കിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ ആശങ്കപ്പെട്ടിരിക്കുന്ന രാജ്യത്തിന് ഇത് ഗുണം ചെയ്യും.

ചൈന, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‍വാന്‍ തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മേലുളള നിയന്ത്രണം നീക്കി. സാമ്പത്തിക, ഊര്‍ജ , പ്രതിരോധ മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഉപരോധം പിന്‍വലിക്കണമെങ്കില്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള ആണവ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും സിറിയയിലെ സൈനിക ഇടപെടലില്‍ നിന്ന് ഇറാന്‍ പിന്‍മാറണമെന്നും അമേരിക്ക നിര്‍ദേശിക്കുന്നുണ്ട്. ട്രംപിന്റെ നീക്കം ഇറാന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും അമേരിക്കയുടെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുടെ തീരുമാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഖേദം പ്രകടിപ്പിച്ചു. വ്യവസ്ഥകളില്‍ ന്യൂനതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാനുമായുളള ആണവ കരാറില്‍ നിന്ന് ട്രംപ് നേരത്തെ പിന്‍മാറിയിരുന്നു .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook